
തൃശൂര്‍: ഒരാഴ്ചയ് ക്കിടെ ഒമ്ബത് കൊലപാതകങ്ങള്‍ ഉണ്ടായ തൃശൂരില്‍ ഗുണ്ടകള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ഇന്ന് രാവിലെ ഓപ്പറേഷന് റേഞ്ചര്‍ എന്ന പേരില്‍ ജില്ലയിലെ ഗുണ്ടാകേന്ദ്രങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തി. സിറ്റി പൊലീസിന് കീഴില്‍ വരുന്ന 20 പൊലീസ് സ്റ്റേഷന് പരിധികളിലാണ് റെയ്ഡ് നടന്നത്. റേഞ്ച് ഐ.ജി സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം സിറ്റി പൊലീസ് കമ്മിഷണര്‍ പി.ആദിത്യ, എ.സി.പി വി.കെ.രാജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. റെയ്ഡില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു.
കൊടും കുറ്റവാളികള്‍, ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍, മുന്‍ കുറ്റവാളികള്‍, ഗുണ്ടാ സംഘം എന്നിവര്‍ക്കായി പ്രത്യേക പട്ടിക തയ്യാറാക്കിയാണ് പരിശോധന.
ഗുണ്ടാകേന്ദ്രങ്ങളില്‍ ഓരോ വീടുകളിലും കയറിയാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. സിറ്റി പരിധിയിലെ 20 പൊലീസ് സ്റ്റേഷനുകളിലായി 712 പേരാണ് റൗഡി ലിസ്റ്റില്‍ ഉള്ളത്. കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങളും നടപ്പാവസ്ഥയും നിരീക്ഷിച്ച് തത്സമയ റിപ്പോര്‍ട്ട് നല്കാന് ഇന്റലിജന്‍സ് , കുറ്റവാളികളുടെയും ഗുണ്ടാ സംഘങ്ങളുടെയും സഞ്ചാരം നിരീക്ഷിക്കാന്‍ സൈബര്‍സെല്ലിന്റെ സഹായവും തേടിയിരുന്നു. അടുത്തിടെ നടന്ന കൊലപാതകങ്ങളില്‍ പകുതിയിലേറെ കേസുകളിലും പ്രതികള്‍ ഗുണ്ട ക്രിമിനല്‍ സംഘങ്ങളായിരുന്നു. ജില്ലയില്‍ പൊലീസ് സംവിധാന നിഷ്ക്രിയമാണെന്ന് വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പാലക്കാട് ജില്ലയിലും റെയ്ഡ് നടത്തുകയാണ്. ഒരേസമയം 140 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.
നടപടികള്‍ ഇങ്ങനെ
റെയ്ഡ് നടത്തിയ കേന്ദ്രങ്ങള്‍: 335
പരിശോധനയ്ക്ക് വിധേയരാക്കിയ കുറ്റവാളികള്‍: 592
(107, 108 വകുപ്പ്) കരുതല്‍ നടപടിക്ക് ശുപാര്‍ശ: 105
കാപ്പ നിയമപ്രകാരം നടപടി: 2
പുതുതായി തയ്യാറാക്കിയ റൗഡി ഹിസ്റ്ററി ഷീറ്റുകള്‍: 40
ഓപ്പറേഷന് റേഞ്ചര്‍
ക്രിമിനല്‍ നടപടിക്രമം 107, 108 വകുപ്പ് പ്രകാരമുള്ള കരുതല്‍ നടപടി കര്‍ശനമാക്കും
അന്വേഷണാവസ്ഥയിലുള്ള കേസുകളിലെ മുഴുവന്‍ പ്രതികളുടെയും ലിസ്റ്റ് തയ്യാറാക്കും
ഒളിവില്‍ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സംഘം
കോടതികളില്‍ നിന്നുള്ള വാറണ്ടുകള്‍ സമയബന്ധിതമായി നടപ്പാക്കും