തളിപ്പറമ്പ്: ഫോണ്‍ മുഖേന ബന്ധം സ്ഥാപിച് ഭർതൃമതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റില്‍. കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍ഗോഡ് സ്വദേശിയായ 24 കാരിയാണ് പീഡനത്തിനിരയായത്. യുവതിയെ വീടിനു സമീപം വച്ചു കാറില്‍ തട്ടിക്കൊണ്ടുപോയി നെല്ലിപ്പാറയിലെ ഒരു വീട്ടിലെത്തിച്ചു പീഡിപ്പിച്ചതായാണ് പരാതി.
പീഡിപ്പിച്ചതിന് ശേഷം വൈകുന്നേരത്തോടെയാണ് യുവതിയെ വിട്ടയച്ചത്. തുടർന്ന് യുവതി ഭർത്താവിനെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ആലക്കോട് നെല്ലിപ്പാറ കപ്പണയിലെ കുന്നത്തേൽ ബിജോയ് ജോസഫിനെ (40) യാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറും സംഘവും ഇന്നു പുലർച്ചെ ഇരിട്ടിയിൽ വച്ച് അറസ്റ്റ് ചെയ്തത്.
കൂട്ടുപ്രതി ആലക്കോട് രയരോം സ്വദേശി കൊട്ടാരത്തില്‍ പ്രകാശ് കുര്യനെ (35) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കേസെടുത്തതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രകാശ് കുര്യനെ കഴിഞ്ഞ 27 ന് തളിപ്പറമ്പിൽ വച്ച് ഡിവൈഎസ്പി ടി.കെ. രത്നകുമാറും സംഘവും അറസ്റ്റ് ചെയ്തിരുന്നെങ്കിലും ബിജോയ് ജോസഫ് കാസർഗോഡേക്ക് രക്ഷപ്പെടുകയായിരുന്നു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെ തേടി പോലീസ് സംഘം ഇവിടേക്ക് എത്തിയെങ്കിലും ഇയാൾ ഇരിട്ടിയിലേക്ക് രക്ഷപ്പെട്ടു. ഇവിടുന്നു കർണാടകയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്നു പുലർച്ചെ പിടിയിലായത്.