kerala

എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകി നാല് എക്സൈസ് ഓഫീസുകളുടെ പൂർത്തിയായ കെട്ടിടങ്ങൾ നാളെ നാടിന് സമർപ്പിക്കും



എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകി നാല് എക്സൈസ് ഓഫീസുകളുടെ പൂർത്തിയായ കെട്ടിടങ്ങൾ നാളെ നാടിന് സമർപ്പിക്കും. ബദിയഡുക്ക, മട്ടന്നൂർ, തങ്കമണി എക്സൈസ് റെയിഞ്ച് ഓഫീസുകളുടെയും, ഉടുമ്പഞ്ചോല സർക്കിൾ‍ ഓഫീസിന്റെയും പുതിയ കെട്ടിടങ്ങളാണ് ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി നാടിന് സമർപ്പിക്കുന്നത്. ദീർഘകാലമായി വാടകക്കെട്ടിടങ്ങളിലായിരുന്ന ഓഫീസുകൾ ആധുനികസൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടങ്ങളിൽ പ്രവർ‍ത്തനം ആരംഭിക്കുന്നത്. മയക്കുമരുന്നിനും വ്യാജമദ്യത്തിനും എതിരെ എൽ ഡി എഫ് സർക്കാർ തുടരുന്ന നടപടികൾക്ക് കൂടുതൽ ശക്തി പകരുവാനും, ലഹരിമുക്തകേരളം ലക്ഷ്യമാക്കി നടത്തിവരുന്ന വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ദൃഢതയേകുവാനും പുതിയ ഓഫീസ് സംവിധാനങ്ങൾ സഹായകരമാകും.

ലഹരിമാഫിയക്കെതിരെ കടുത്ത നടപടികളാണ് സംസ്ഥാന സർക്കാർ‍ സ്വീകരിച്ചുവരുന്നത്. ഇന്ന് രാജ്യത്ത് ഏറ്റവും മികച്ച എൻഫോഴ്‌സ്‌മെന്റ് സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. ലഹരിക്കെതിരായ പോരാട്ടത്തിൽ എക്സൈസ് സേനയും, പൊലീസും നിതാന്ത ജാഗ്രതയാണ് പുലർത്തുന്നത്. ഈയടുത്ത ദിവസങ്ങളിലായി ആയിരം കിലോയിലധികം കഞ്ചാവാണ് എക്സൈസ് സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പിടികൂടിയത്. മയക്കുമരുന്നും കഞ്ചാവും അടക്കമുള്ള ലഹരിവസ്തുക്കൾ തുടർച്ചയായി പിടിച്ചെടുക്കാൻ കഴിയുന്നുണ്ടെന്നത് എൽ ഡി എഫ് സർക്കാരിന് കീഴിൽ എക്സൈസ് വകുപ്പ് കൈവരിച്ച കാര്യക്ഷമതയുടെ തെളിവാണ്. ലഹരിമുക്ത നവകേരളം യാഥാർ‍ഥ്യമാക്കാൻ പുതിയ എക്സൈസ് ഓഫീസ് കെട്ടിടങ്ങളുടെ പ്രവർത്തന സംവിധാനം എൽ ഡി എഫ് സർക്കാരിന് മുതൽക്കൂട്ടാകും.