Fri. Jan 22nd, 2021
നമ്മുടെ ഇരിക്കൂറില്‍ കോവിഡ് ബാധിച്ച് നാലോളം പേര്‍ മരിച്ചിട്ടുണ്ട് എന്നാല്‍ അവരൊക്കെ അമ്പത് വയസ്സിന് മേല്‍ പ്രായമുള്ളവരും മറ്റ് രോഗവുമുള്ളവരാുമായിരുന്നു.അതെ സമയം നമ്മുടെ ഇരിക്കൂര്‍ പഞ്ചായത്തിന് തൊട്ടടുത്ത നടുവില്‍ പഞ്ചായത്തില്‍ ഒരു രണ്ടു വയസ്സുകാരന്‍ ജോസന്‍ കോവിഡ് പോസറ്റീവായി മരിക്കാനിടയായത് വേദനാജനകമായ സംഭവമാണ്.രോഗം തിരിച്ചറിയാന്‍ വൈകിയതാണ് ആ കുഞ്ഞു ജീവന്‍ പൊലിയാന്‍ കാരണമായത്.കുഞ്ഞുങ്ങളുടെ അടുക്കല്‍ എത്രത്തോളം നമ്മള്‍ കോവിഡ് മുന്‍കരുതലുകള്‍ സ്വീകരക്കേണ്ടിയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ് കുഞ്ഞിന്റെ മരണം.
ഡോ. ബിജോയ് മാത്യുവിൻ്റെ ഈ കുറിപ്പ് പ്രസക്തമാകുന്നത് അത് കൊണ്ട് കൂടിയാണ്,കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

പ്രിയപ്പെട്ട നാട്ടുകാരെ, നമ്മുടെ ഇടയിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ ആ കുഞ്ഞിന്റെ വിയോഗത്തിൽ എല്ലാവരും പരിഭ്രാന്തരാണ്. ആദ്യമായി കുട്ടിയുടെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വ്യസനത്തിൽ പങ്കു ചേർന്നു കൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു.
നമുക്കെല്ലാം അറിയാവുന്നതുപോലെ ഈയൊരു സമയത്ത് ഉണ്ടാവുന്ന എല്ലാ പനികളും കോവിഡായിതന്നെ നമുക്ക് കരുതേണ്ടിവരും. പ്രത്യേക സമ്പർക്കം ഉണ്ടെങ്കിലും ഇല്ലെങ്കിലും.പക്ഷേ ഇത് പറയുന്നത് ഒരിക്കലും പരിഭ്രാന്തരാവാൻ വേണ്ടിയല്ല. എന്നാൽ നമ്മൾ കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു.ഇപ്പോൾ ഒപിയിൽവരുന്ന പല പനികളും കോവിഡ് ആണെന്ന് തോന്നുമെങ്കിൽപോലും ചിലതൊക്കെ മരുന്നു കൊടുത്തുവിട്ടു വീട്ടിൽ തന്നെ പ്രത്യേക റൂമിൽ കഴിയാൻ പറഞ്ഞു വിടാറുണ്ട് .സമ്പർക്കമില്ലാത്ത എല്ലാ പനിയും ടെസ്റ്റ് ചെയ്യണമെന്ന് ചികിത്സാ പ്രോട്ടോകോളിൽ പറഞ്ഞിട്ടില്ല.അത് പ്രായോഗികവുമല്ല. അതേസമയം ചുമ,ജലദോഷം,തൊണ്ടവേദന, ശ്വാസതടസ്സം, മണമോ രുചിയോ അറിയാത്ത അവസ്ഥ ഇങ്ങനെയൊക്കെയുള്ള ലക്ഷണങ്ങൾ വരികയാണെങ്കിൽ നമ്മൾ എന്തായാലും ടെസ്റ്റ് ചെയ്യും. ഇപ്പോൾ നാം PHC കളിൽ ക്യാമ്പ് നടത്തി ചെയ്തു വരുന്നത് എളുപ്പത്തിൽ റിസൾട്ട് കിട്ടുന്ന ആൻറിജൻ ടെസ്റ്റ് ആണ്. ഇതിന്റെ ഒരു പ്രശ്നം എന്താണെന്ന് വച്ചാൽ 50 മുതൽ 60 ശതമാനം രോഗികളിലേ ഇത് പോസിറ്റീവായി കാണിക്കുകയുള്ളൂ(നമ്മുടെ ജോസന്റെ ആദ്യ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു). അതുകൊണ്ടുതന്നെ കൃത്യമായ കോൺടാക്ട് ഉണ്ടാവുകയും ലക്ഷണം ഉണ്ടെന്ന് പറയുകയും ചെയ്യുന്നവരിലും ഗർഭിണികളിലും മറ്റും RT PCR എന്ന ടെസ്റ്റ് തന്നെയാണ് നിഷ്കർഷിച്ചിട്ടുള്ളത്. പക്ഷേ ഇതിന്റെ റിസൾട്ട് വരാൻ രണ്ടു മുതൽ മൂന്നു ദിവസം വരെ എടുക്കാം. താലൂക്ക് ഹോസ്പിറ്റൽ മുതൽ മുകളിലേക്കും ചില പ്രൈവറ്റ് ലാബുകളിലുമേ ഇപ്പോൾ ഈ ടെസ്റ്റ് ചെയ്യുന്നുള്ളൂ. പറഞ്ഞുവരുന്നത് ലക്ഷണങ്ങൾ ഉണ്ടാവുന്ന ഒരാൾ Antigen test നെഗറ്റീവ് ആണെന്ന് വിചാരിച്ചു പിറ്റേദിവസം തന്നെ യാതൊരു കാരണവശാലും പുറത്തിറങ്ങി നടക്കരുത് .അത് കനത്ത സമൂഹ വ്യാപനത്തിലേക്കേ കൊണ്ടെത്തിക്കുകയുള്ളൂ.

കോവിഡ് വരാതിരിക്കാൻ വേണ്ടത് നല്ല ഉറക്കം, നല്ല ഭക്ഷണം(ഇലക്കറികളും പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെട്ട സമീകൃതാഹാരം), ധാരാളമായി വെള്ളം കുടിക്കുക, വ്യായാമങ്ങൾ ചെയ്യുക, ദുശീലങ്ങൾ പാടെ ഉപേക്ഷിക്കുക, കൂടാതെ SMS(സാനിറ്റൈസർ, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസിങ്ങ്). കോവിഡ് വന്നാലും ഇതൊക്കെ തന്നെയാണ് ഏറ്റവും പ്രധാനമായി വേണ്ടത്.കോവിഡ് രോഗിക്ക് വേണ്ട മാനസിക പിന്തുണ നമ്മൾ കൊടുക്കണം. അനാവശ്യമായ രോഗഭീതി ഒഴിവാക്കുക .കേരളത്തിൽ തന്നെ 2,70,000 പേർക്ക് രോഗം വന്നതിൽ ആയിരത്തിൽ താഴെ ആളുകൾ മാത്രമേ മരിച്ചിട്ടുള്ളൂ എന്നുള്ളത് നമ്മൾ മനസ്സിലാക്കുക(0.37%).പക്ഷേ ഇത് കേട്ട് ഒരിക്കലും ജാഗ്രതക്കുറവ് കാണിക്കരുത്. അസുഖബാധിതരായവരുടെ എണ്ണം കൂടിയാൽ ഉള്ള അവസ്ഥ ഞാൻ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞതാണ്.

ഇനി ഇതിന്റെ മറ്റൊരു വശം എന്താണെന്നുവെച്ചാൽ കോവിഡ് കാലത്ത് ഹോസ്പിറ്റലിൽ പോകാൻ പേടിച്ച് മറ്റ് അസുഖങ്ങൾ ഒക്കെ മൂർച്ഛിക്കുന്ന അവസ്ഥ കാണുന്നുണ്ട്. ഉദാഹരണത്തിന് നല്ല രീതിയിൽ നിയന്ത്രിച്ച് പോന്നിരുന്ന പ്രഷറും പ്രമേഹവും ഒക്കെ ഇപ്പോൾ മിക്കവാറും ആളുകളിൽ വളരെ കൂടുതലായി കാണുന്നു. ഒരു കാരണവശാലും ഇത്തരം മരുന്നുകൾ മുടങ്ങാതെ ശ്രദ്ധിക്കുക. അനിയന്ത്രിതമായ പ്രമേഹവും പ്രഷറും ഉള്ളവർക്ക് കോവിഡ് എന്നല്ല ഏത് ഇൻഫെക്ഷൻ വന്നാലും രോഗം പെട്ടെന്ന് തന്നെ ഗുരുതരമാവാം. ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ പോയി എന്ന് കരുതി മാത്രം നിങ്ങൾക്ക് കോവിഡ് വരില്ല. അവിടെ കാണുന്ന ഓരോ രോഗിയും കോവിഡ് രോഗി ആയിരിക്കും എന്ന് കരുതി ഒരു കൃത്യമായ അകലം പാലിക്കുക .മാസ്ക് വളരെ കൃത്യമായി മൂക്കും വായും മൂടുന്ന രീതിയിൽ തന്നെ ധരിക്കുക.എവിടെയെങ്കിലും ഒക്കെ സ്പർശിച്ചാൽ ഉടൻതന്നെ കൈ കഴുകുക. ഹോസ്പിറ്റലിൽ പോകുമ്പോൾ കഴിയുന്നതും ഒരു ത്രീ ലേയർ മാസ്കോ N95 മാസ്കോ തന്നെ ഉപയോഗിക്കുക. ഇക്കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിൽ തന്നെ ഉണ്ടായ ദൗർഭാഗ്യകരമായ വേറൊരു മരണത്തിന് കാരണം പനിയുണ്ടായിട്ടും ഹോസ്പിറ്റലിൽ പോകാൻ പേടിച്ച് ചികിത്സ വൈകി രോഗം മൂർച്ഛിച്ച അവസ്ഥയിൽ എത്തിയതിനാലായിരുന്നു(എലിപ്പനി സംശയിക്കുന്നു). എലിപ്പനി ഉൾപ്പെടെ മറ്റ് പനികളും ഉണ്ട് എന്നുള്ളത് നമ്മൾ മനസ്സിലാക്കുക. പനിയോ ചുമയോ പോലുള്ള ലക്ഷണങ്ങൾ കാണിക്കാൻ നിങ്ങൾ ഹോസ്പിറ്റൽ പോവുകയാണെങ്കിൽ വിളിച്ച് ബുക്ക് ചെയ്തതിനുശേഷം മാത്രം പോവുക . അവിടെ പോയി അധികസമയം ചെലവഴിക്കാതെ വേഗം തന്നെ തിരിച്ചു പോരുക.

അപ്പോൾ നമുക്ക് ഒന്നിച്ച് പോരാടാം. പേടിക്കണ്ട ഞങ്ങളുണ്ട് കൂടെ.

ഡോ. ബിജോയ് മാത്യു,
കുടുംബാരോഗ്യ കേന്ദ്രം തേർത്തല്ലി.
12/10/2020.


By onemaly