ഇരിക്കൂര്‍: തരിശുനിലങ്ങളിലും പാടങ്ങളിലും പൊന്കതിര് വിളഞ്ഞപ്പോള്‍ കൊയ്യാനെത്തുന്നത് കൂട്ടത്തോടെ മയിലുകളും കിളികളും. നിരാശരായി കര്‍ഷകര്‍. മഹാമാരിയും ദീര്‍ഘമായ അടച്ചിടലുകളും തീര്‍ത്ത ആലസ്യവും ആശങ്കകളും തീണ്ടാതെ വിയര്‍പ്പൊഴുക്കിയ കൃഷിക്കാരുടെ കണ്ണീര്പ്പാടങ്ങളാവുകയാണ് നെല്‍വയലുകളും കരനെല്‍ കൃഷിയിടങ്ങളും. കാലം തെറ്റിയെത്തിയ കൊടും വര്‍ഷമാണ് ഇത്തവണ ഒന്നാംവിള നെല്‍കൃഷി വെള്ളത്തിലാക്കിയത്. കന്നിക്കൊയ്ത്തിന് പാകമായ മിക്ക പാടങ്ങളും വെള്ളത്തിലായതും കര്‍ഷകരുടെ ദുരിതത്തിന് ആഴമേറ്റുന്നു.
ഏറെ പ്രതീക്ഷയോടെ കൃഷി വകുപ്പിെന്റയും ത്രിതല പഞ്ചായത്തുകളുടെയും സഹായ സഹകരണത്താല്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ വന്‍തോതിലാണ് െനല്‍കൃഷി ഇറക്കിയിരുന്നത്. ഗ്രാമീണ മേഖലകളിലടക്കം നെല്‍കൃഷി തിരിച്ചുവന്ന വര്‍ഷമായിരുന്നു ഇത്തവണ. സുഭിക്ഷ കേരളം പദ്ധതിപ്രകാരം കൃഷി ചെയ്തതും മികച്ച വിളവുണ്ടാവുകയും ചെയ്ത പൊന്‍ കതിരുകളാണ് മയിലുകളും തത്തകളും കിളികളും കൂട്ടമായി എത്തി മുറിച്ചു കൊണ്ടുപോകുന്നതെന്ന് കര്‍ഷകര്‍ സങ്കടത്തോടെ പറയുന്നു. മിക്കവരും വലിയ തുക നല്കി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്.
കാടുകളും കുറ്റിച്ചെടികളും കല്ലിന് കൂട്ടങ്ങളുമെല്ലാം മാറ്റിയാണ് കൃഷി ചെയ്ത്. ഏറെ സാമ്ബത്തിക പ്രയാസമനുഭവിക്കകയും ചെയ്ത കൃഷി സംരക്ഷിക്കാനായി കര്‍ഷകര്‍ രാവിലെ മുതല്‍ കൃഷിയിടങ്ങളിലെത്തി പാത്രങ്ങള്‍ കൊട്ടിയും പടക്കങ്ങള്‍ പൊട്ടിച്ചുമെല്ലാമാണ് കിളികളെ തുരത്തുന്നത്. വിളഞ്ഞ് തൂങ്ങിക്കിടക്കുന്ന കതിര്‍ക്കുലകള്‍ പക്ഷികള്‍ കൊണ്ടുപോകുമ്ബോള്‍ എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നില്‍ക്കുകയാണിവര്‍. വണ്ടുകളുടെ ശല്യവും ഇല്ലാതില്ല. അപൂര്‍വമായി ചിലയിടങ്ങളില്‍ മരങ്ങളില്‍ ഏറുമാടങ്ങള്‍ ഉണ്ടാക്കി താമസിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് ഒറ്റക്കും സംഘമായും ഇത്തവണ നെല്‍കൃഷി നടത്തിയവര്‍ ഏറെയാണ്.
മയിലുകളും കിളികളും വണ്ടുകളും വന്നതോടെയാണ് നെല്‍കൃഷി വിജയകരമാവില്ലെന്ന സ്ഥിതിയിലെത്തിയത്. കര്‍ഷകരുടെ തീരാദുഃഖത്തിന് പരിഹാരം കാണാന്‍ അധികൃര്‍ കണ്ണുതുറക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.