ഇരിട്ടി ∙ കോവിഡ് പോസിറ്റീവായ പ്രതിയുമായി സമ്പർക്കത്തിൽ വന്ന 3 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിട്ടിയിൽ ലീഗ് പ്രവർത്തകൻ പി.റഫീക്കിനെ ആക്രമിച്ച കേസിൽ കോടതി ശിക്ഷിച്ച പ്രതികളിൽ ഒരാൾക്കാണു നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. വധശ്രമക്കേസിലെ 5 പ്രതികൾക്ക് 5 വർഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. തുടർന്നു പ്രതികളെ ജയിലിലേക്ക് അയയ്ക്കുന്നതിനു മുൻപു നടത്തിയ കോവിഡ് പരിശോധനയിൽ ഒരു പ്രതി പോസിറ്റീവായി.
പ്രതികളെ കോവിഡ് പരിശോധനയ്ക്ക് തലശ്ശേരി ആശുപത്രിയിലേക്ക് കൊണ്ട് പോയത് വൈകിട്ടാണ്. ആംബുലൻസിനു ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് പോസിറ്റീവായ പ്രതിയും പൊലീസുകാരും മറ്റു പ്രതികളും ഒന്നിച്ച് പൊലീസ് വാഹനത്തിൽ കണ്ണൂരിലേക്ക് പോയി. കോവിഡ് നെഗറ്റീവായ പ്രതികളെ തോട്ടട സിഎഫ്എൽടിസിയിലാക്കി. ജില്ലാ ആശുപത്രിയിലെ പ്രത്യേക സെല്ലിൽ കോവിഡ് ബാധിച്ച പ്രതി എത്തിച്ചു. രാത്രി വരെ പൊലീസുകാർ പ്രതിയോടൊപ്പമായിരുന്നു.