kerala

ബാറുകളും ബിയര്‍ പാര്‍ലറുകളും ഉടന്‍ തുറക്കില്ല; കോവിഡ് വ്യാപനത്തിന് സാധ്യത



തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബിയര്‍ പാര്‍ലറുകളും ഉടന്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിലെ സാഹചര്യത്തില്‍ ബാറുകള്‍ തുറന്നാല്‍ രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് ഉന്നതതല യോഗത്തിന്‍റെ തീരുമാനം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍, എക്സൈസ് കമീഷണര്‍, ബിവ് റേജസ് കോര്‍പറേഷന്‍ എം.ഡി, നികുതി വകുപ്പ് സെക്രട്ടറി, ഡി.ജി.പി, ആരോഗ്യ വകുപ്പ് സെക്രട്ടറി അടക്കമുള്ളവര്‍ പങ്കെടുത്തു. കോവിഡ് സ്ഥിരീകരിക്കുന്നതിന്‍റെ കണക്കുകള്‍ പതിനായിരം കടക്കുന്നതായും ബാറുകള്‍ തുറക്കുന്നത് രോഗവ്യാപനം അതിരൂക്ഷമാകാന്‍ ഇടയാക്കുമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി യോഗത്തെ അറിയിച്ചു.