home

വാഹന പരിശോധനക്കിടെ വയോധികനെ മര്‍ദ്ദിച്ച സംഭവം ;എസ്‌ഐയെ കഠിന പരിശീലനത്തിനായി കുറ്റിക്കാനത്തെ കെഎപി അഞ്ച് ബറ്റാലിയനിലേക്ക് മാറ്റി



കൊല്ലം: ആയൂരിനടുത്ത് മഞ്ഞപ്പാറയില്‍ വാഹന പരിശോധനക്കിടെ വയോധികനെ മര്‍ദ്ദിച്ച എസ്‌ഐക്ക് സ്ഥലം മാറ്റം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷന്‍ എസ്‌ഐ നജീം മുഖത്തടിച്ചത്.

ഇയാളെ കഠിന പരിശീലനത്തിനായി കുറ്റിക്കാനത്തെ കെഎപി അഞ്ച് ബറ്റാലിയനിലേക്കാണ് മാറ്റിയത്. അന്വേഷണത്തിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും കൊല്ലം റൂറല്‍ എസ്പി പറഞ്ഞു.

ഇന്ന് രാവിലെയാണ് സംഭവം.ചടയമംഗലം പോലിസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ ഷജീമാണ് വയോധികന്റെ മുഖത്തടിച്ചത്. ബൈക്കിനു പിറകിലിരുന്ന് ജോലിക്കു പോവുകയായിരുന്ന വയോധികനെയാണ് പോലിസ് അടിച്ചത്.

എസ്‌ഐ ഷജീമും മറ്റൊരു പോലിസുകാരനുമാണ് വാഹന പരിശോധന നടത്തിയത്. ബൈക്കോടിച്ചയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. പണമില്ലെന്നും കോടതിയില്‍ പിഴയടക്കാമെന്നും ബൈക്കില്‍ സഞ്ചരിച്ചവര്‍ പറഞ്ഞിരുന്നു.

എന്നാല്‍, കൊവിഡ് സമയത്ത് സഞ്ചരിക്കുന്നതിന് പോലിസ് രേഖ ആവശ്യപ്പെട്ടു. ഇവരുടെ മൊബൈല്‍ പിടിച്ചെടുക്കാനും നോക്കി. ഇരുവരും അതിനെ എതിര്‍ത്തു.

ഇതിനു പിന്നാലെ ബൈക്കോടിച്ചിരുന്ന ആളെ പോലിസുകാര്‍ ജീപ്പില്‍ കയറ്റി. എന്നാല്‍, വാഹനത്തില്‍ കയറാന്‍ വയോധികന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് രാമാനന്ദനെ പോലിസുകാരന്‍ മുഖത്തടിച്ചത്.