Thu. Oct 28th, 2021




കാസര്‍ഗോഡ്: അര്‍ദ്ധരാത്രിയില്‍ അയല്‍വീട്ടില്‍ നിന്ന് അസാധാരണ ശബ്ദം കേട്ട് പരിശോധനയ്ക്ക് എത്തിയ ജില്ലാ കലക്ടര്‍ ഡോ.സി. സജിത് ബാബു പിടിച്ചെടുത്തത് രണ്ടര കോടി രൂപയുടെ ചന്ദനമുട്ടികള്‍. കാസര്‍ഗോഡ് ജില്ലാ കലക്ടറുടെ ക്യാംപ് വസതിക്ക് സമീപമാണ് വന്‍ ചന്ദനവേട്ട നടന്നത്.

ഇന്നു പുലര്‍ച്ചെ നാലുമണിയോടെ അയല്‍വീട്ടില്‍ നിന്ന് വലിയ ശബ്ദം കേട്ട് കലക്ടറുടെ ഡ്രൈവറും ഗണ്‍മാനും പരിശോധിച്ചപ്പോള്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ചാക്കുകെട്ടുകള്‍ നിറയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കലക്ടറെ വിവരം അറിയിച്ചതോടെ അദ്ദേഹം എത്തി നടത്തിയ പരിശോധനയിലാണ് ചന്ദനമുട്ടികളാണ് ചാക്കിനുള്ളിലെന്ന് കണ്ടെത്തിയത്. ലോറിയിലെ പ്രത്യേക അറയിലാണ് ചന്ദനമുട്ടികള്‍ സൂക്ഷിച്ചിരുന്നത്.

34 ചാക്കുകളിലായി 345 കിലോയോളം ചന്ദനമുട്ടികളാണ് ഉണ്ടായിരുന്നത്. വിപണിയില്‍ രണ്ടര കോടി രൂപയോളം വിലമതിക്കുന്നതാണ് ഇത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫോറന്‍സിക് വിഭാഗം ചന്ദനമുട്ടികള്‍ ഏറ്റെടുത്തു.

കലക്ടര്‍ എത്തിയതോടെ വീട്ടുടമയായ അബ്ദുള്‍ ഖാദര്‍, മകന്‍ അര്‍ഷാദ്, ഡ്രൈവര്‍ എന്നിവര്‍ ഓടിരക്ഷപ്പെട്ടു. ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് അബ്ദുള്‍ ഖാദര്‍ മുന്‍പും ഫോറസ്റ്റിന്റെ നിരീക്ഷണത്തില്‍ വന്നിരുന്നയാളാണ്.








By onemaly