Thu. Oct 28th, 2021




തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച്‌ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. നടപടി പുനഃപരിശോധിക്കാം എന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു.

സമാനതകളില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തെ ആരോഗ്യമേഖല നേരിടുന്നത്. ഇത്തരമൊരു സാഹചര്യത്തിലും ചെറിയ വീഴ്‌ച്ചകള്‍ പോലും പര്‍വ്വതീകരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. കോവിഡ് കാലത്ത് ജോലിഭാരവും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് സമരക്കാര്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തത്. നിലവില്‍ അഞ്ച് പേര്‍ ചെയ്യേണ്ട ജോലി ഒരാളാണ് ചെയ്യുന്നതെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. സസ്പെന്‍ഷന്‍ നടപടി ആരോഗ്യ പ്രവര്‍ത്തകരെ ബലിയാടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടര്‍മാര്‍ സമരം നടത്തിവന്നത്.

 

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്നുള്ള ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ റിപ്പോര്‍ട്ടിന്മേലുള്ള നപടി ഉണ്ടാകും. നടപടിക്ക് വിധേയരാവയര്‍ ത്യാഗപൂര്‍ണായ സേവനം ചെയ്തവരാണെന്നും ചെറിയ ശതമാനം വീഴ്ചകള്‍ ഉണ്ടാകുന്നത് യാഥാര്‍ഥ്യമാണെന്നും മന്ത്രി പറഞ്ഞു.

വട്ടിയൂര്‍ക്കാവ് സ്വദേശി ആര്‍.അനില്‍കുമാറിനാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു ദുരനുഭവമുണ്ടായത്. ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിച്ചപ്പോഴാണു ദേഹത്തു പുഴുവരിക്കുന്നതു കണ്ടത്. തുടര്‍ന്നു പേരൂര്‍ക്കട ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനില്‍കുമാറിന്റെ നില പിന്നീടു മെച്ചപ്പെട്ടു. സംഭവത്തില്‍ മെഡിക്കല്‍ കോളജിലെ കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ. അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ.വി.രജനി എന്നിവരെയാണ് ആരോഗ്യ വകുപ്പ് അഡീഷനല്‍ സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തത്.








By onemaly