ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചല്‍ പ്രദേശിലെ റോത്താങ്ങിലുള്ള 9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ‘അടല്‍ തുരങ്കം’ ഉദ്ഘാടനം ചെയ്തത്. മണാലി-ലേ പ്രധാനപാതയില്‍ സ്ഥിതിചെയ്യുന്ന ഈ തുരങ്കം സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ഹൈവേ തുരങ്കമാണ്. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പ്രവര്‍ത്തനമാരംഭിച്ച തുരങ്കം തുറന്നുകൊടുക്കുന്നതോടെ മണാലി-ലെ യാത്രയില്‍ 46 കിലോമീറ്റര്‍ ലാഭിക്കാം.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ പേരില്‍ നാമകരണം ചെയ്ത പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ നരേന്ദ്ര മോദി, തുരങ്കത്തിന്റെ ഉള്‍വശത്തുകൂടി നടക്കുകയും തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയും ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയക്കും ട്രോളന്മാര്ക്കും ചാകരയായിരിക്കുന്നത്.
ഏതാനും ഉദ്യോഗസ്ഥരല്ലാതെ ചുറ്റുവട്ടത്ത് ആരുമില്ലാത്ത തുരങ്കത്തില്‍, ആള്‍ക്കൂട്ടത്തിനു നേരെയെന്ന പോലെ കൈവീശീക്കാണിച്ചായിരുന്നു മോദിയുടെ നടപ്പും ജീപ്പിലെ സഞ്ചാരവുമെല്ലാം. ആരെയാണ് മോദി ഇത്ര കാര്യമായി അഭിവാദ്യം ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ഭാവിയില്‍ തുരങ്കത്തിലൂടെ സഞ്ചരിക്കാനിടയുള്ള യാത്രക്കാര്‍ക്കു നേരെ ഇപ്പോഴേ കൈവീശുന്ന ദീര്‍ഘദര്‍ശിയാണ് മോദിയെന്നാണ് ട്വിറ്ററില്‍ ഒരാള്‍ കുറിച്ചത്.
തനിക്കു മുന്നിലെ ശൂന്യതക്കു നേരെ കൈവീശാന്‍ ചിലര്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചു.
തന്റെ ബെസ്റ്റ് ഫ്രണ്ടായ ക്യാമറയെ അഭിവാദ്യം ചെയ്യുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് മറ്റൊരാള്‍.
കോവിഡ് മഹാമാരിയും ഹഥ്റാസ് സംഭവങ്ങളും ദലിതുകളും കുടിയേറ്റ തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങളുമൊന്നും മോദിക്ക് വിഷയമല്ലെന്നും അദ്ദേഹം ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്നും നടന് പ്രകാശ് രാജ് പരിഹസിച്ചു.
ഇതാദ്യമായല്ല നരേന്ദ്ര മോദി ശൂന്യതയ്ക്കു നേരെ കൈവീശിക്കാണിക്കുന്നത്. 2017-ല്‍ ജമ്മു കശ്മീരിലെ ചനാനി-നഷ്റി തുരങ്കം ഉദ്ഘാടനം ചെയ്തപ്പോഴും അദ്ദേഹം തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയും കൈവീശിക്കാണിക്കുകയും ചെയ്തിരുന്നു.