കണ്ണൂർ ജില്ലയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണ്‍ പ്രദേശങ്ങള്‍ക്കു പുറത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. ക്രിമിനല്‍ നടപടി ചട്ടത്തിലെ 144-ാം വകുപ്പ് പ്രകാരം ഇന്ന് (ഒക്ടോബര്‍ 3) രാവിലെ ഒന്‍പത് മണി മുതല്‍ ഒക്ടോബര്‍ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ വരുന്ന ചെറിയ വീഴ്ചകള്‍ പോലും ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധിക്ക് കാരണമാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ടെയിന്മെന്റ് സോണുകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരുന്നതിനൊപ്പം സോണിന് പുറത്തുള്ള പ്രദേശങ്ങളിലെ പൊതു സ്ഥലങ്ങളില്‍ അഞ്ചിലേറെ പേര് ഒരുമിച്ചു കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി.