Thu. Oct 28th, 2021




നുച്യാട് പുഴയിൽ ഒഴുക്കിൽ പെട്ട കുട്ടിയെ കണ്ടെത്താനായില്ല; തിരച്ചിൽ നാളെയും തുടരും

02-10-2020

 

ഉളിക്കൽ നുച്യാട് പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ട സംഭവത്തിൽ ഒരു കുട്ടിയെ കണ്ടെത്താനാവാതെ തിരച്ചിൽ അവസാനിപ്പിച്ചു.
ഒഴുക്കിൽ കാണാതായ ഫായിസിന് വേണ്ടിയുള്ള തിരച്ചിൽ സന്ധ്യവരെ തുടർന്നെങ്കിലും ഫലമുണ്ടായില്ല. വെളിച്ചക്കുറവും പുഴയിലെ ശക്തമായ നീരൊഴുക്കും മൂലം നിർത്തിവെച്ച തിരച്ചിൽ നാളെ രാവിലെ വീണ്ടും പുനരാരംഭിക്കും.

ഒഴുക്കിൽ പെട്ടവരിൽ നേരത്തെ കിട്ടിയ സ്ത്രീയും ഒരു കുട്ടിയും മരിച്ചിരുന്നു. മരിച്ച സ്ത്രീയുടെ കുട്ടിയെ ആണ് ഇനി കണ്ടെത്താനുള്ളത്.

പള്ളിപ്പാത്ത് താഹിറ (32 ), ഇവരുടെ സഹോദര പുത്രൻ ബാസിത്ത് (13) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കോടാറമ്പ് പുഴയോട് ചേർന്ന് താമസിക്കുന്ന താഹിറയും കുടുബവും അലക്കാനും കുളിക്കാനുമൊക്കെയായി ഈ പുഴയിൽ എത്താറുണ്ട്. പതിവ് പോലെ പുഴയിൽ എത്തിയ താഹിറയുടെ കൂടെ ഉണ്ടായിരുന്ന കുട്ടികൾ അബദ്ധത്തിൽ പുഴയിലെ ഒഴുക്കിൽ പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് താഹിറയും പുഴയിൽ അകപ്പെട്ടത്.

അപകടവാർത്തയറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ താഹിറയേയും ബാസിത്തിനെയും കണ്ടെത്തി ഇരിട്ടിയിലെ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇരിട്ടി അഗ്നിരക്ഷാ സേന, വള്ളിത്തോട് ഒരുമ റെസ്ക്യൂ ടിം അംഗങ്ങൾ, ഉളിക്കൽ പോലീസ് ഇരിട്ടി തഹസിൽദാർ ദിവാകരൻ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. ഉളിക്കൽ പഞ്ചായത്തിലെ നുച്ചിയാട് വാർഡ് മെമ്പർ കബീറിന്റെ സഹോദരിയാണ് മരിച്ച താഹിറ.








By onemaly