
തിരുവനന്തപുരം : ഹോം ഐസൊലേഷനില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്കു നല്കാന് കിറ്റുമായി ആരോഗ്യവകുപ്പ്. പള്‍സ് ഓക്സിമീറ്റര്‍, വൈറ്റമിന്‍ സി, മള്‍ട്ടി വൈറ്റമിന്‍ ഗുളികകള്‍, രോഗബാധിതര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍, രോഗലക്ഷണങ്ങള്‍ വിലയിരുത്തി രോഗി തന്നെ പൂരിപ്പിക്കേണ്ട ഫോറം, സത്യവാങ്മൂലം, മാസ്ക്, സാനിറ്റൈസര്‍, വിവിധ ആരോഗ്യസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലഘുലേഖകള്‍ എന്നിവയടങ്ങുന്നതാണ് കിറ്റ്.
പനി, ചുമ, ക്ഷീണം, വിശപ്പില്ലായ്മ, തലവേദന, കിതപ്പ്, ശ്വാസം തിങ്ങല്‍, ശ്വാസതടസ്സം, പേശീവേദന, തൊണ്ടവേദന/അസ്വസ്ഥത, വയറിളക്കം, രുചിയും മണവും തിരിച്ചറിയാതാവുക, ഓക്കാനം, ഛര്‍ദ്ദി, മൂക്കിനും ചുണ്ടിനും നീലനിറം എന്നീ സൂചകങ്ങളാണ് രോഗി സ്വയം വിലയിരുത്തേണ്ടത്. ഇതു നിരീക്ഷണ ചാര്‍ട്ടില്‍ രേഖപ്പെടുത്തി വാട്സ് ആപ്പ് മുഖേന മെഡിക്കല്‍ ഓഫിസര്‍ക്ക് അയച്ചുനല്കണം. ആദ്യഘട്ടത്തില്‍ ആയിരം കിറ്റുകള്‍ കെഎംസിഎല്‍ വഴി വിതരണം ചെയ്യാനാണ് തീരുമാനമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ. ബി അഭിലാഷ് അറിയിച്ചു. ആവശ്യം വരുന്ന മുറയ്ക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ കിറ്റുകള്‍ ലഭ്യമാക്കും.
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തിരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് വീട്ടില്‍ തന്നെ ചികില്‍സ എന്ന സമീപനം നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. രോഗലക്ഷണങ്ങളും മറ്റ് അസുഖങ്ങളും ഒന്നുമില്ലാത്തവര്‍ക്കാണ് ഈ രീതി അഭികാമ്യം. രോഗി പോസിറ്റീവ് ആയതിന്റെ പത്താം ദിവസം വീണ്ടും ആന്റിജന്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവ് ഫലം ആണെങ്കിലും ഏഴുദിവസം വീട്ടില്‍ തന്നെ തുടരണം. ആരോഗ്യവകുപ്പ് അധികൃതരുമായി ദിവസേന ടെലഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറണം. രോഗിയും സേവനദാതാവും സുരക്ഷാ മാസ്ക് ധരിക്കുകയും ഇടപെടുമ്ബോള്‍ സുരക്ഷിത അകലം പാലിക്കുകയും ചെയ്യണം.
കുടുംബാംഗങ്ങളുമായും മറ്റു വ്യക്തികളുമായും ഒരുമിച്ചുള്ള ഭക്ഷണം കഴിക്കല്‍, ഉറക്കം, മറ്റു സാമൂഹിക ഇടപെടലുകള്‍ ഒഴിവാക്കണം. വീട്ടിലെ ടിവി, റിമോട്ട്, മൊബൈല്‍ ഫോണ്‍, പാത്രങ്ങള്‍, കപ്പുകള്‍ തുടങ്ങിയ വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഉപയോഗിച്ച വസ്ത്രങ്ങള്‍ രോഗിയുടെ ബാത്ത്റൂമില്‍ വച്ച് തന്നെ അണുനശീകരണം നടത്തിയ ശേഷം അലക്കി സേവനസഹായിയെ ഏല്‍പ്പിച്ച് വെയിലത്ത് ഉണക്കി ഉപയോഗിക്കാം. രോഗി സ്പര്‍ശിച്ച പ്രതലങ്ങളും വസ്തുക്കളും ഇടയ്ക്കിടെ അണുനാശനം നടത്തി വൃത്തിയാക്കി സൂക്ഷിക്കണം. രോഗി താമസിക്കുന്ന വീട്ടില്‍ ഒരു കാരണവശാലും സന്ദര്‍ശകര്‍ പാടില്ല. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്ബോള്‍ മാസ്ക്, ടൗവ്വല്, മറ്റ് ഉപാധികള്‍ ഉപയോഗിക്കണം. കൂടെക്കൂടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ(20 സെക്കന്റ്) ആല്‍ക്കഹോള്‍ ഘടകമുള്ള സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം.