
പരിയാരം: കണ്ടോന്താർ ചെങ്ങളത്ത് കള്ളത്തോക്ക് നിർമാണത്തിലേർപ്പെട്ടയാൾ അടക്കം രണ്ടുപേരെ പരിയാരം സബ് ഇൻസ്പെക്ടർ എം.പി.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
തോക്കിന്റെ ഭാഗങ്ങൾ കണ്ടെടുത്തു. വടക്കേവീട്ടിൽ വി.വി.ബാലകൃഷ്ണൻ (72), അയൽവാസി പണ്ടാരവളപ്പിൽ പി.വി.അനിൽകുമാർ (45) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പത്തരയോടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുമ്പുപണിക്കാരനായ ബാലകൃഷ്ണന്റെ വീടും ആലയും പോലീസ് റെയ്ഡ് ചെയ്യുകയായിരുന്നു.
അനിൽകുമാറിന് ലഭിച്ച തോക്കിന്റെ ഭാഗങ്ങൾ ബാലകൃഷ്ണന് കൈമാറി പ്രവർത്തനസജ്ജമായ തോക്ക് നിർമിച്ചുകൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ മനസ്സിലായി. തുടർന്നാണ് ഇയാളെയും കസ്റ്റഡിയിലെടുത്തത്. ആയുധനിയമപ്രകാരം ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. നായാട്ടിനുപയോഗിക്കാനാണ് അനിൽകുമാർ തോക്ക് ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അനധികൃതമായി ആയുധം നിർമിച്ചതിന്റെ പേരിൽ മുമ്പും ബാലകൃഷ്ണനെതിരെ കേസുണ്ട്.
പ്രതികളെ കോവിഡ് പരിശോധനയ്ക്കു ശേഷം വെള്ളിയാഴ്ച പയ്യന്നൂർ കോടതിയിൽ ഹാജരാക്കും. പോലീസ് സംഘത്തിൽ സബ് ഇൻസ്പെക്ടർ ശശിധരൻ സിവിൽ പോലീസ് ഓഫീസർമാരായ മോഹനൻ, സുജേഷ്, സജിഷ, ബാബു അപ്പാണി, രാമചന്ദ്രൻ എന്നിവരുമുണ്ടായിരുന്നു.