Sun. Jan 17th, 2021




ഹത്രാസ് : ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലീസ് സംസ്‌കരിച്ചത് രഹസ്യമായി. സംഭവം ഇതോടെ വിവാദമാവുകയാണ്. ഇന്ന് പുലര്‍ച്ചെ പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ചതിനു ശേഷം രഹസ്യമായി 2:30 നായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.

അതേസമയം ആരെ സംരക്ഷിക്കാനാണ് യുപി പൊലീസ് ശ്രമിക്കുന്നതെന്നു പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ചു. അന്യായ നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. പീഡനത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 14നാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായത്. അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ല് പറിയ്ക്കാന്‍ പാടത്ത് പോയപ്പോഴാണ് കഴുത്തില്‍ ദുപ്പട്ട മുറുക്കി വലിച്ചിഴച്ച്‌ കൊണ്ടുപോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. അലിഗഢിലെ ആശുപത്രിയിലിയാരുന്നു പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ദില്ലിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുമെന്ന് ഹാത്രാസ് പൊലീസ് സൂപ്രണ്ട് വിക്രാന്ത് വീര്‍ പറഞ്ഞു.

ശക്തമായ പ്രതിഷേധം വകവയ്ക്കാതെ 19 കാരിയായ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ പൊലീസ് ബലമായി നിര്‍വഹിച്ചുവെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. ഇരയുടെ മൃതദേഹം അവസാനമായി വീട്ടിലേക്ക് കൊണ്ടുവരാന്‍ പൊലീസ് അനുവദിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ചൊവ്വാഴ്ച ഉത്തര്‍പ്രദേശ് പോലീസ് അവരുടെ അനുമതിയില്ലാതെ മൃതദേഹം ഹാത്രാസിലേക്ക് കൊണ്ടുപോയതായി ആരോപിച്ച്‌ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും സഫദര്‍ജംഗ് ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു.

കോണ്‍ഗ്രസിലെയും ഭീം ആര്‍മിയിലെയും പ്രവര്‍ത്തകര്‍ പിന്നീട് യുവതിയുടെ കുടുംബാംഗങ്ങളുമായി ചേര്‍ന്ന് ആശുപത്രിയില്‍ വന്‍ പ്രതിഷേധം നടത്തി. ഇതേതുടര്‍ന്ന് ദില്ലി പൊലീസിനെ ആശുപത്രിയില്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ വിന്യസിപ്പിച്ചു.






By onemaly