കോഴിക്കോട്: സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നൗഫലിന് ജീവപര്യന്തം. കല്ലുകൊണ്ട് അടിയേറ്റ് രണ്ടുവര്‍ഷം മുമ്ബാണ് പന്നിയങ്കര സ്വദേശി സുധീര്‍ ബാബു കൊല്ലപ്പെട്ടത്.
രണ്ടുവര്‍ഷം മുമ്ബാണ് പന്നിയങ്കര പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി സിക്കന്ദറിന്റെ മകനായിരുന്ന സുധീര്‍ ബാബു കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ നല്ലളം ബസാര്‍ വടക്കേത്തടത്തില്‍ മുന്ന മന്‍സിലില്‍ നൗഫലിനെ(26) പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നൗഫലിന് കോഴിക്കോട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2018 നവംബര്‍ അഞ്ചിന് രാവിലെയാണ് സുധീര്‍ കൊല്ലപ്പെട്ടതെന്നാണ് പ്രതി നല്കിയ മൊഴി. മദ്യലഹരിയില്‍ വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് തലയ്ക്കടിയേറ്റാണ് മരണമെന്നും സ്വവര്‍ഗ ലൈംഗിക ബന്ധത്തിനുള്ള ശ്രമമാണ് തര്‍ക്കത്തില്‍ കലാശിച്ചതെന്നും പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി.
സുധീര്‍ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന് നവംബര്‍ 18ന് പന്നിയങ്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പന്നിയങ്കര പൊലീസും സിറ്റി പൊലീസ് ക്രൈം സ്ക്വാഡും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.