ശ്രീകണ്ഠാപുരത്ത് ഭരണ നേട്ടങ്ങളുയര്‍ത്തി യു.ഡി.എഫും കോട്ടങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍.ഡി.എഫും വാക്‌പോര് മുറുകുന്നു – Sreekandapuram Online News-
Sat. Sep 26th, 2020
ശ്രീകണ്ഠാപുരം: നഗരസഭ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകാനിരിക്കെ ശ്രീകണ്ഠാപുരത്ത് ഭരണ നേട്ടങ്ങളുയര്‍ത്തി യു.ഡി.എഫും കോട്ടങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍.ഡി.എഫും വാക്‌പോര് മുറുകുന്നു. പ്രളയത്തിന്റെ ദുരിതം പേറിയ മലയോര നഗരം ഇനിയും വികസന സ്വപ്നങ്ങള്‍ കാണുകയാണ്. അമിത അവകാശ വാദങ്ങളൊന്നും മുന്നോട്ട് വെക്കുന്നില്ലെങ്കിലും പരിമിതികള്‍ക്കിടയിലും പലതും ചെയ്യാന്‍ കഴിഞ്ഞെന്ന് നഗരസഭ ചെയര്‍മാന്‍ പി.പി രാഘവന്‍ പറഞ്ഞു.  അതേസമയം പഞ്ചായത്തായിരുന്ന കാലത്തെ അപേക്ഷിച്ച് ഒരു ചുവട് പോലും മുന്നോട്ടുപോകാന്‍ ശ്രീകണ്ഠാപുരത്തിനായിട്ടില്ലെന്നാണ് പ്രതിപക്ഷ ആരോപണം. 197 വീടുകളില്‍ ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയതിനൊപ്പം സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടത്താനുമായി. പി.എം.എ.വൈയില്‍ പെടുത്തി 434 വീടുകള്‍ നിര്‍മ്മിക്കുന്നതില്‍ 250 എണ്ണം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ നാല് ലക്ഷം അനുവദിക്കുമ്പോള്‍ ഇവിടെ രണ്ടര ലക്ഷം മാത്രമാണ് നല്‍കിയതെന്ന ആക്ഷേപവുമുണ്ടായിരുന്നു. കൂട്ടുമുഖത്ത് സി.എച്ച്.സിയില്‍ കിടത്തി ചികിത്സ ഒരുക്കാന്‍ 33 സ്റ്റാഫുകളെയടക്കം സംസ്ഥാന സര്‍ക്കാര്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ഇതില്‍ നഗരസഭയുടെ കെടുകാര്യസ്ഥത കാരണം നടപ്പാക്കാനായില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വൈദ്യുതീകരണമടക്കം പൂര്‍ത്തിയാക്കി രണ്ടുമാസത്തിനകം കിടത്തി ചികിത്സ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ശ്രീകണ്ഠാപുരം സ്‌കൂളിനെ ഹൈടെക് ആക്കാന്‍ 5 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനുപുറമേ കേന്ദ്രം ആര്‍.എം.എസ്.എ ഫണ്ടായി 27 ലക്ഷവും നല്‍കി. ഇതൊക്കെ ലാപ്‌സായെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.  ചെയര്‍മാന്റെ നാടായ ചേപ്പറമ്പിലെ ശ്മശാനം ഗ്യാസ് ശ്മശാനമാക്കി മാറ്റുമെന്ന പ്രഖ്യാപനവും നടപ്പായില്ല. പഞ്ചായത്ത് ആയിരുന്ന കാലത്തേ പ്രൊജക്ട് അംഗീകരിച്ചിരുന്നു. ഇതിന് പാരിസ്ഥിതിക അനുമതി പോലും നേടാനായില്ലെന്നാണ് പ്രതിപക്ഷ വാദം. അതേസമയം ഇവിടെ ഇപ്പോള്‍ ചുറ്റുമതില്‍ പണിയുന്നുണ്ട്. ഡി.പി.ആര്‍ സമര്‍പ്പിച്ചിട്ടും കിഫ്ബിയില്‍ അനുമതി തരാതെ സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നതായി ഭരണസമിതി തിരിച്ചടിക്കുന്നു. പദ്ധതി നടപ്പാകാത്തത് ജനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. 2018-19 വര്‍ഷത്തില്‍ നഗരസഭ വെറും 34.12 ശതമാനം തുകയാണ് ചെലവിട്ടത്. ആസൂത്രണം ചെയ്ത 266 പദ്ധതികളില്‍ 167 എണ്ണം നടപ്പാക്കാന്‍ സാധിച്ചപ്പോള്‍ 99 എണ്ണത്തിലും പരാജയപ്പെട്ടു. 18 കോടി രൂപയില്‍ 6.44 കോടിയാണ് അക്കാലത്ത് ചെലവഴിച്ചത്. നികുതി പിരിവിലെ വീഴ്ചകള്‍ തിരുത്താനും ശ്രമം ഉണ്ടാകുന്നുണ്ട്. അതേസമയം ആഴ്ചയില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ പോലും തയ്യാറാകാതെ ഇതെങ്ങനെ സാധ്യമാകുമെന്നും ചോദ്യമുണ്ട്.  പ്രളയം അടിമുടി തകര്‍ത്ത നഗരത്തിന് വരും വര്‍ഷങ്ങളിലും ആശങ്ക ബാക്കിയുണ്ട്. ഇത്തവണത്തെ പ്രളയത്തില്‍ വ്യാപാര മേഖലയ്ക്ക് മാത്രം 15 കോടി രൂപയാണ് നഷ്ടം സംഭവിച്ചത്. വ്യാപാരികളുടെ കണക്കില്‍ ഇത് 40 കോടിയാണ്. വരുംകാലത്ത് ഇത്തരം പ്രതിസന്ധി ഒഴിവാക്കാന്‍ കൂടുതല്‍ മുന്‍കരുതല്‍ ആവശ്യമാണ്. അഭയമൊരുക്കിയ സ്‌കൂളുകളില്‍ കൂടുതല്‍ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാനാകണം. പൊതു-സ്വകാര്യ ഉടമസ്ഥതയില്‍ ഗോഡൗണുകള്‍ നിര്‍മ്മിച്ചാല്‍ ഇനി വെള്ളം കയറിയാല്‍ സാധനങ്ങള്‍ അവിടേക്ക് നീക്കാനാകും. പ്രളയം ശക്തമായിരുന്നെങ്കിലും ഇപ്പോള്‍ നഗരത്തെ ബാധിക്കുന്നത് കുടിവെള്ള ക്ഷാമമാണ്. നെടിയേങ്ങ വില്ലേജില്‍ കാവുമ്പായി ഒഴികെ കൊടും വരള്‍ച്ചയാണ്. മടമ്പത്തെ ഡാമിനെ ആശ്രയിച്ച് വിപുലമായ പദ്ധതി നടപ്പാക്കിയാല്‍ പരിഹാരം കാണാനാകുമെന്നാണ് നിര്‍ദ്ദേശം.  പ്രളയത്തില്‍ പുഴ നികന്നതിനാല്‍ വെള്ളത്തിന്റെ സംഭരണ ശേഷിയും കുറവാണ്. മണല്‍ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പായാലേ ഇതിന് പരിഹാരമാകൂ. കുടിവെള്ള പദ്ധതിയ്ക്കാണ് 26 കോടി രൂപയുടെ പദ്ധതി നഗരസഭയുടെ മുന്നിലുണ്ട്. പ്ലാസ്റ്റിക് മാലിന്യ സംഭരണവും നഗരത്തെ വലയ്ക്കുന്നുണ്ട്. കാവുമ്പായി വ്യവസായ എസ്റ്റേറ്റില്‍ ശേഖരിച്ചിരുന്നെങ്കിലും പ്രാദേശിക പ്രതിഷേധം ഉയര്‍ന്നു. കോട്ടൂര്‍ വയലിലെ മൂന്നരയേക്കര്‍ സ്ഥലത്ത് ആധുനിക അറവുശാലയടക്കം ജൈവ വൈവിധ്യ പ്ലാന്റ് നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കാനായില്ല. അതേസമയം ജീവനക്കാരുടെ കുറവും വികസനത്തെ പിന്നോട്ടടിപ്പിക്കുന്നു. ഇതുവരെ കൃഷി ഓഫീസറുടെ കസേരയില്‍ മാത്രം 14 പേരാണ് മാറിമാറി വന്നത്. പല വകുപ്പുകളിലും ഇതാണ് അവസ്ഥ. ഇത്തരം പ്രശ്‌നങ്ങള്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്നു. അതേസമയം വരുമാനക്കുറവും വികസനത്തെ ബാധിക്കുന്നുണ്ട്. വരുമാനം കണ്ടെത്താന്‍ നികുതി പിരിവിന് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കാനുള്ള ശ്രമവും ഊര്‍ജ്ജിതമാണ്. തെരുവ് വിളക്കില്ലെന്ന വാദം പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ 10 വിളക്കുകള്‍ വീതം ഓരോ വാര്‍ഡിലും സ്ഥാപിക്കാന്‍ ഭരണസമിതി കാര്യങ്ങള്‍ നീക്കുന്നുണ്ട്. പഞ്ചായത്ത് നഗരസഭയായി ഉയര്‍ത്തിയ ബാലാരിഷ്ടതകള്‍ ഏറെയുണ്ടെങ്കിലും ആ പരിമിതി കവച്ചുവെച്ച് പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞു….
By onemaly