Sat. Dec 5th, 2020




തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് പാര്‍ട്ടിയുടെ സഹായധനം കൈമാറി. രക്തസാക്ഷികളായ മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെയും കുടുംബങ്ങള്‍ക്കായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുകയാണ് കൈമാറിയത്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിയുടെ അകമ്ബടിയോടെ ആയിരുന്നു ചടങ്ങ് നടന്നത്. 49 ലക്ഷം രൂപ വീതമാണ് ഇരു കുടുംബങ്ങള്‍ക്കും നല്കിയത്.

തേമ്ബാമൂട് ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഏരിയകളില്‍നിന്ന് സമാഹരിച്ച 98,50,200 രൂപ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇരു കുടുംബങ്ങള്‍ക്കും കൈമാറി. രക്തസാക്ഷികളുടെ മാതാപിതാക്കള്‍ക്കും ഭാര്യമാര്‍ക്കും മക്കള്‍ക്കുമാണ് തുക കൈമാറിയത്. ഓരോ കുടുംബത്തനും 49,25,100 രൂപ വീതമാണ് നല്‍കിയത്.

വെഞ്ഞാറമൂട് കൊലപാതകത്തില്‍ പങ്കുള്ള ഒരാള്‍ പോലും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടില്ലെന്ന് കോടിയേരി പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുക തന്നെ ചെയ്യും. അക്രമം കൊണ്ടും കൊലപാതകം കൊണ്ടും ഇല്ലാതാക്കാന്‍ പറ്റുന്ന പാര്‍ട്ടിയായിരുന്നെങ്കില്‍ സിപിഎം കേരളത്തില്‍ ഉണ്ടാകില്ലായിരുന്നു എന്നും കോടിയേരി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്ക് ജോലി നല്‍കുമെന്നും ഇവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ചെലവും പാര്‍ട്ടി ഏറ്റെടുക്കുമെന്നും കോടിയേരി ഉറപ്പ് നല്‍കി.

ഹഖിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെയും ഈ പാര്‍ട്ടി മറന്നിട്ടില്ല. അത് അവളോ അവനോ ആയിക്കോട്ടെ, ഒപ്പമുണ്ടെന്ന് തെളിയിക്കുകയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. അനശ്വര രക്തസാക്ഷികളായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും മക്കള്‍ക്ക് ഓരോരുത്തര്‍ക്കും 16,12,550 രൂപ വീതമാണ് നല്‍കിയത്. അതില്‍ ഹഖിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനായും അത്രയും തുക ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഹഖ് മുഹമ്മദ് കൊല്ലപ്പെടുമ്ബോള്‍ ഭാര്യ നജില ആറുമാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞ് ജനിച്ച്‌ പേരിട്ട ശേഷം ഇത് സ്വന്തം പേരിലേക്ക് മാറ്റും. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായ ശേഷം ഈ തുക ഉപയോഗിക്കാം.

കുടുംബം പോറ്റാന്‍ ഹഖ് മത്സ്യക്കച്ചവടമാണ് ചെയ്തതെങ്കില്‍ മിഥിലാജിന് പച്ചക്കറിക്കച്ചവടമായിരുന്നു. രണ്ട് കുടുംബങ്ങളുടെയും ഏക അത്താണികളായിരുന്നു ഇരുവരും. കുടുംബങ്ങളെ സഹായിക്കാന്‍ 12,13 തീയതികളിലാണ് ഫണ്ട് പിരിവ് നടന്നത്. പാര്‍ട്ടി അംഗങ്ങളും ബഹുജനങ്ങളും വലിയ പിന്തുണയാണ് ഇതിന് നല്‍കിയത്.

ഒരോ കുടുംബത്തിനും നാല്‍പത്തിഒമ്ബത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ഒരു നൂറ് രൂപ വീതമാണ് നല്‍കിയത്. ഇതില്‍ മാതാപിതാക്കള്‍ക്ക് ഓരോ ലക്ഷം രൂപയും. ഹഖിന്റെയും മിഥിലാജിന്റെയും ഭാര്യമാര്‍ക്ക് 15 ലക്ഷം രൂപ വീതവും നല്‍കി. ഇതില്‍ പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും 5 ലക്ഷം രൂപ സേവിങ്സ് അക്കൗണ്ടിലുമാണ് നല്‍കിയത്. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് പൂര്‍ണമായും പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ട്. രക്തസാക്ഷികളുടെ ഭാര്യമാര്‍ക്ക് സ്ഥിര ജോലി നല്‍കാനും ഉടന്‍ സംവിധാനം ഉണ്ടാക്കുമെന്ന് ഡി കെ മുരളി എംഎല്‍എയും അറിയിച്ചു.

ഇക്കഴിഞ്ഞ തിരുവോണത്തലേന്നാണ് തേമ്ബാംമൂട് ജങ്ഷനില്‍ വച്ച്‌ ഡിവൈഎ‌ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദും കൊല്ലപ്പെടുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ചടങ്ങില്‍ മിഥിലാജിന്റെ സഹോദരനും മക്കളായ ഇഹ്സാന്‍, ഇര്‍ഫാന്‍ എന്നിവരും ഹഖിന്റെ മകള്‍ ഐറ, ഉപ്പ അബ്ദുള്‍ സമദ്, ഉമ്മ ഷാഹിന, ഭാര്യയുടെ ഉമ്മ സജീന ബീവി എന്നിവരും പങ്കെടുത്തു. മിഥിലാജിന്റെ മാതാപിതാക്കള്‍ മകള്‍ക്കൊപ്പം ഗള്‍ഫിലായതിനാല്‍ അവര്‍ എത്തിയില്ല.

തേമ്ബാംമൂട് ജങ്ഷനില്‍ നടന്ന ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷനായി. ഡി കെ മുരളി എംഎല്‍എ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കൊലിയക്കോട് കൃഷ്ണന്‍ നായര്‍, എം വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




By onemaly