
തൃശൂര്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധ വര്‍ദ്ധിക്കുകയും ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് പുറമേ സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരെയും നിയോഗിക്കും. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ സന്നദ്ധരാകുന്ന കൊവിഡ് ബാധിതര്‍ക്ക് പള്‍സ് ഓക്സിമീറ്ററടക്കമുള്ള സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് എത്തിച്ചുനല്‍കുന്നുണ്ടെങ്കിലും പലര്‍ക്കും വീടുകളില്‍ സൗകര്യങ്ങളില്ല. അതുകൊണ്ടു തന്നെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ പേരെത്തുന്നുണ്ട്. താല്‍പ്പര്യമുള്ള ആയുര്‍വേദ ഡോക്ടര്‍മാര്‍ ബയോഡാറ്റയും ടി.സി.എം.സി സര്‍ട്ടിഫിക്കറ്റും സഹിതം ആരോഗ്യ കേരളം തൃശൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. നിയമനം താത്കാലിക അടിസ്ഥാനത്തിലാണ്. നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് arogyakeralamthrissur@gmail.com എന്ന വെബ്സൈറ്റില്‍ ബയോഡാറ്റ നല്‍കാം. നിലവില്‍ ആരോഗ്യകേരളം വഴി താത്കാലികമായി നിയമിക്കപ്പെട്ടവര്‍ക്കുള്ള വേതനവും ഇന്‍ക്രിമെന്റും നല്‍കും.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമായപ്പോഴാണ് ആയുര്‍വേദ, ഹോമിയോ, സിദ്ധ ഡോക്ടര്‍മാരെ ചികിത്സയ്ക്കായി നിയോഗിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ഇവരെ നിയോഗിച്ചു. എന്നാല്‍ പഠിച്ച ചികിത്സാരീതികളും മരുന്നും പ്രയോഗിക്കാന്‍ അവസരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭാരതീയ ചികിത്സാ വകുപ്പിന്റെ അമൃതം പദ്ധതി പ്രകാരം, ക്വാറന്റൈനിലായിരിക്കെ ആയുര്‍വേദ മരുന്ന് കഴിച്ചത് 2,65,000 പേരായിരുന്നു. ആദ്യഘട്ടത്തില്‍ മരുന്ന് കഴിച്ച 1,01,218 പേരില്‍ കൊവിഡ് ബാധിതരായത് 342 പേര് (0.342 ശതമാനം) മാത്രമായിരുന്നു. ആയുര്‍വേദമരുന്ന് നല്കിയ ശേഷം പൊസിറ്റീവായ 577 പേരില്‍ വിശദമായ പഠനവും നടത്തിയിരുന്നു.
വീടുകളില്‍ സൗകര്യമില്ലാത്തവര്‍ നിരവധി
ദിവസവും രണ്ട് നേരം ശരീരോഷ്മാവ് പരിശോധിച്ചും ആരോഗ്യസ്ഥിതി സൂക്ഷ്മമായി വിലയിരുത്തിയുമാണ് ഹോം കെയര്‍ ലഭ്യമാക്കുന്നത്.
60 വയസിന് മുകളിലുള്ളവര്‍ക്കും 10 വയസിന് താഴെയുള്ളവര്‍ക്കും വീടുകളില്‍ ചികിത്സയില്‍ കഴിയാന്‍ അനുമതിയില്ല. ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം, മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ ഉള്ളവര്‍ക്കും ഹോം കെയര്‍ ലഭിക്കില്ല.
സ്രവ പരിശോധനയില്‍ പൊസിറ്റീവാണെന്നു കണ്ടാല്‍ ഹോം കെയറിനു താല്പര്യമുള്ളവര് ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തണം. കാര്യമായ ലക്ഷണങ്ങളില്ലെങ്കില്‍ കൊവിഡ് ബാധിതരെ വീടുകളിലെത്തിക്കും. വീടുകളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള കുടുംബാംഗങ്ങളുണ്ടെങ്കില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കണം. ശുചിമുറി സൗകര്യമുള്ള മുറിയിലാണ് രോഗബാധിതര്‍ കഴിയേണ്ടത്. ഭൂരിഭാഗം പേര്‍ക്കും ഇത്തരം സൗകര്യങ്ങളില്ലാതായതോടെയാണ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലേക്ക് നിരവധി രോഗികളെത്താന്‍ തുടങ്ങിയത്.
” സി.എഫ്.എല്‍.ടി സെന്ററുകളില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് എല്ലാ സുരക്ഷിതത്വവുമുണ്ടാകും. ഭക്ഷണവും താമസ സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ഡോ. ടി.വി. സതീശന്
ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യ കേരളം