Mon. Nov 30th, 2020




കൊല്ലം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസിന് പിഴയായി ഇന്ന് മാത്രം ലഭിച്ചത് 2 ലക്ഷം രൂപ. അഞ്ചലിലെ പിനാക്കള്‍ വ്യൂ പോയിന്റില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ എത്തിയവര്‍ക്കെതിരെ പോലീസ് കേസ്. അഞ്ഞൂറില്‍പരം ആളുകളാണ് പിനാക്കള്‍ വ്യൂ പോയിന്റില്‍ എത്തിയത്. എത്തിയവരില്‍ അധികവും സാമൂഹിക അകലം പാലിക്കാതെയും, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ചെയ്തവരുടെ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. 200 മുതല്‍ 2000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് അഞ്ചല്‍ പിനാക്കള്‍ വ്യൂ പോയിന്റിലെ പ്രഭാത കാഴ്ച്ചകള്‍ കാണാന്‍ ആളുകള്‍ എത്തിയത്. ഇതിലുടെ 2 ലക്ഷത്തോളം രൂപയാണ് പൊലീസിന് പിഴയായി ലഭിച്ചത്.

ആരാലും അറിയപെടാതിരുന്ന സ്ഥലമായിരുന്നു അഞ്ചല്‍ പിനാക്കിള്‍ വ്യു പോയിന്റ്. സഞ്ചാര വ്‌ളോഗര്‍മാര്‍ ഇവിടുത്തെ കാഴ്ച്ചകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ ഉള്‍പ്പെടെ ചര്‍ച്ചാ വിഷയമാക്കിയതോടെയാണ് പിനാക്കിള്‍ വ്യൂ പോയിന്റിലേക്ക് പുറത്തുനിന്നുള്ള കാഴ്ച്ചക്കാര്‍ എത്തി തുടങ്ങിയത്. അഞ്ചല്‍, കരവാളൂര്‍, ഇടമുളയ്ക്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയകുരുവിക്കോണംവെഞ്ചേമ്ബ് തടിക്കാട് റോഡില്‍ ചേറ്റുകുഴിക്കും ഒരുനടയ്ക്കും ഇടയിലായാണ് കൊല്ലത്തുകാരുടെ ഊട്ടി എന്നറിയപ്പെടുന്ന പിനാക്കിള്‍ വ്യു പോയിന്റ് സ്ഥിതി ചെയ്യുന്നത്.

റബ്ബര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ടിരുന്ന ഒരിടമായിരുന്നു ഈ പ്രദേശം. റീപ്ലാന്റിനായി ഇവിടെത്തെ റബര്‍ മരങ്ങള്‍ മുറിച്ചതോടെയാണ് കഥ മാറിയത് . കണ്ണെത്താദൂരം പരന്നുകിടക്കുന്ന സഹ്യപര്‍വതനിരകളുടെ അതിമനോഹരമായ കാഴ്ച പിനാക്കിള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കും. ഇതിന് സമീപത്ത് എഞ്ചിനീയറിംഗ് കോളജ് ഉണ്ടായിരുന്നു. പേര് പിനാക്കിള്‍ എഞ്ചിനീയറിംഗ് കോളജ്. ഇതില്‍ നിന്നാണ് സ്ഥലത്തിന് പിനാക്കിള്‍ വ്യു പോയിന്റ് എന്ന പേര് ലഭിച്ചത്. പാവങ്ങളുടെ ഊട്ടി എന്ന പേര് കൂടാതെ കൊല്ലത്തുകാരുടെ ഗവി, മിനി മൂന്നാര്‍ എന്നൊക്കെയും ഈ സ്ഥലത്തിന് സഞ്ചാരികള്‍ പേരിട്ട് വിളിക്കാറുണ്ട്.

സൂര്യോദയം കാണാനായി പുലര്‍ച്ചെ നാലുമണിക്ക് ഇവിടേക്ക് ആളുകള്‍ എത്തിത്തുടങ്ങും. കൊല്ലം ജില്ല കൂടാതെ സമീപജില്ലകളില്‍ നിന്നും രാവിലെത്തെ തണുപ്പിനൊപ്പമുളള സുര്യോദയവും മഞ്ഞ് വീഴ്ച്ചയും കാണാന്‍ ഇവിടെ ആള്‍ എത്താറുണ്ടായിരുന്നു.



By onemaly