Sun. Nov 29th, 2020




കണ്ണൂര്‍: ഒന്നു മഴ ചാറിയാല്‍ കശുഅണ്ടി കറുത്തു പോയെന്ന് പറഞ്ഞ് ചൂഷണം ചെയ്യുന്ന വ്യാപാരികളോട് വില്‍ക്കാന്‍ മനസില്ലെന്ന് ഇനി ധൈര്യമായി പറഞ്ഞോളൂ. വ്യാപാരികള്‍ തരുന്നതിനേക്കാള്‍ കൂടിയ വിലയ്ക്ക് കശുഅണ്ടി വില്‍പ്പന നടത്തുന്ന മാതൃക കാട്ടുകയാണ് ഉളിക്കല്‍ കോക്കാട്ട് സ്വദേശികളായ ദമ്ബതികള്‍.

ബ്രിജിത്ത് കൃഷ്ണയും ഭാര്യ ശ്രീശ്മയുമാണ് മുളച്ച കശുഅണ്ടിയില്‍ നിന്ന് പരിപ്പ് വേര്‍തിരിച്ചെടുത്ത് കിലോയ്ക്ക് അഞ്ഞൂറ് രൂപയ്ക്ക് വില്‍ക്കുന്നത്. 23 ഡിഗ്രി തണുപ്പില്‍ കശുഅണ്ടിയെ ചണച്ചാക്കില്‍ കെട്ടി മുളക്കാത്ത വിധം സൂക്ഷിക്കുന്നതാണ് ആദ്യഘട്ടം. പിന്നീട് ആവശ്യാനുസരണം ചകിരിച്ചോറും പ്ലാസ്റ്റിക്ക് പാത്രങ്ങളും ഉപയോഗിച്ച്‌ മുളപ്പിക്കും. ഇതിനായി 15 ദിവസം വരെ വേണം. പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട്. പിന്നീട് ഇതില്‍ നിന്നും എളുപ്പത്തില്‍ പരിപ്പ് വേര്‍തിരിച്ചെടുക്കാം.

അച്ചാര്‍, സ്‌ക്വാഷ്, സലാഡ് എന്നിവയ്ക്കും കറി വയ്ക്കുന്നതിനും നിരവധി പേരാണ് ബ്രിജിത്തില്‍ നിന്നും കശുഅണ്ടി പരിപ്പ് വാങ്ങുന്നത്. കര്‍ഷകര്‍ക്ക് വളരെ എളുപ്പത്തില്‍ ലാഭം കൊയ്യാന്‍ ഇതിലൂടെ സാധിക്കുമെന്ന് എന്‍ജിനീയര്‍ കൂടിയായ ബ്രിജിത്ത് പറയുന്നു. മൂന്ന് കിലോ കശുഅണ്ടി മുളപ്പിച്ചാല്‍ ഒരു കിലോ പരിപ്പ് ലഭിക്കും. ഇരുമ്ബ്, പൊട്ടാസ്യം, കാത്സ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും നാരുകളും അടങ്ങിയ കശുഅണ്ടി പരിപ്പ് ഏറെ ആരോഗ്യപ്രദമാണ്.

ലോക്ക് ഡൗണ്‍ സമയത്ത് കശുഅണ്ടി വില്‍ക്കാന്‍ പ്രയാസമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വിപണന സാധ്യത കണ്ടെത്തിയത്. വിദേശത്ത് നിന്നടക്കം നിരവധി ഷെഫ് മാരാണ് കശുഅണ്ടി പരിപ്പ് ആവശ്യപ്പെട്ട് ബ്രിജിത്തിനെ വിളിക്കുന്നത്. മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രവും അംഗീകാരം നല്‍കിയിട്ടുണ്ട്. സെന്റര്‍ കോക്കോ ആന്‍ഡ് കാഷ്യു ഡയറക്ടറേറ്റും അഗ്രികള്‍ച്ചറല്‍ ഇന്‍ക്യുബേഷന്‍ സെന്ററും കേന്ദ്ര ആത്മ നിര്‍ഭര്‍ സംരംഭകത്വ പാനലിലേക്ക് ശുപാര്‍ശ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സുഭിക്ഷം പദ്ധതിയിലും ഉള്‍പ്പെടുത്തി. കാഷ്യു സ്ട്രൗസ് (മുളപ്പിച്ച പരിപ്പ്) എന്നയിനം ഭക്ഷ്യ വിഭവമായി കൃഷി വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.



By onemaly