Thu. Nov 26th, 2020




തിരുവനന്തപുരം: കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വ്യാജ പേരില്‍ തന്റെ കോവിഡ് ടെസ്റ്റ് നടത്തിയെന്ന് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ വിലാസം നല്‍കിയാണ് അഭിജിത്ത് പരിശോധന നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നല്‍കിയിരുന്നത്.

ടെസ്റ്റില്‍ റിസള്‍ട്ട് പൊസിറ്റീവായതോടെ ആള് മുങ്ങിയെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആരോപിക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അട്ടിമറിക്കാനും നാട്ടില്‍ മുഴുവന്‍ രോഗം പടര്‍ത്താനുമാണ് നേതാവ് ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

 

 

അതേസമയം പരിശോധന നടത്തിയത് സമ്മതിച്ച അഭിജിത്, പരിശോധനയ്ക്ക് നല്‍കിയ മേല്‍വിലാസത്തിലുള്ള വീട്ടില്‍ തന്നെ ക്വാറന്റീനിലാണെന്നാണ് വിശദീകരിക്കുന്നത്. ഇന്നാണ്‌ പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി ഗവ. എല്‍.പി സ്കൂളില്‍ കോവിഡ് പരിശോധന നടത്തിയത്. ടെസ്റ്റ് നടത്തിയ 48 പേരില്‍ 19 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു.

കെ എം അബി, തിരുവോണം എന്ന മേല്‍വിലാസത്തിലാണ് അഭിജിത്ത് എത്തിയത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടേതാണ് ഈ മേല്‍വിലാസമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നു. കെ എം അഭിജിതിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലടക്കം നിരവധി സമരങ്ങള്‍ നടന്നിരുന്നു.

സംസ്ഥാനത്ത് സെപ്തംബര്‍ 11 മുതല്‍ വിവിധയിടങ്ങളില്‍ നടന്നുവരുന്ന സമരങ്ങളില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.



By onemaly