Tue. Nov 24th, 2020




രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന കേന്ദ്രമന്ത്രി മരിച്ചു. കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡിയാണ് (65) കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. സെപ്തംബര്‍ 11നാണ് മന്ത്രിക്ക് രോ​ഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ട്വിറ്ററിലൂടെ മന്ത്രി തന്നെ രോഗവിവരങ്ങള്‍ പങ്കു വെച്ചിരുന്നു. കര്‍ണാടകയിലെ ബെലഗാവിയില്‍ നിന്നും എംപിയായ സുരേഷ് അംഗഡി 2004 മുതല്‍ ലോക്സഭയിലുണ്ടായിരുന്നു. കേന്ദ്രമന്ത്രിയുടെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളള രാജ്യത്തെ പ്രമുഖരും വിവിധ രാഷ്ട്രീയ നേതാക്കളും അനുശോചനങ്ങള്‍ രേഖപ്പെടുത്തി.

രാജ്യത്ത് കൊവിഡിനെ തുടര്‍ന്ന് ഒരു കേന്ദ്രമന്ത്രി മരിക്കുന്നത് ഇതാദ്യമായിട്ടാണ്. സുരേഷ് അം​ഗഡി അടക്കം നാല് എംപിമാരാണ് ഇതുവരെ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. സുരേഷ് അം​ഗഡിയുടെ മരണത്തോടെ കര്‍ണാടകയില്‍ നിന്നുള്ള രണ്ടാമത്തെ പാര്‍ലമെന്റ് അം​ഗത്തിനാണ് കൊവിഡില്‍ ജീവന്‍ നഷ്ടമാകുന്നത്.

രാജ്യത്ത് ഇതുവരെയുളള കണക്കുകള്‍ പ്രകാരം 90,282 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതുവരെ 56.69 ലക്ഷം ജനങ്ങള്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇതില്‍ 46.09 ലക്ഷം പേരും രോ​ഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 9.69 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്



By onemaly