August 9, 2022
.

5150 രൂപ കിട്ടിയത് റിക്കാര്‍ഡ് റൂമില്‍ നിന്ന്

കണ്ണൂര്‍: കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസ്, തലശ്ശേരി ജോയിന്റ് ആര്‍.ടി.ഒ ഓഫീസ് എന്നിവിടങ്ങളില്‍ കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒളിപ്പിച്ച കൈക്കൂലി പണം കണ്ടെത്തി. വിജിലന്‍സ് കണ്ണൂര്‍, കോഴിക്കോട് യൂണിറ്റുകളുടെ സംയുക്ത നേതൃത്വത്തിലായിരുന്നു റെയ്ഡ്. കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസില്‍ നിന്ന് 40,000 രൂപയും തലശ്ശേരി ജോ. ആര്‍.ടി.ഒ ഓഫീസില്‍ നിന്ന് 7,815 രൂപയുമാണ് പിടിച്ചെടുത്തത്. ക്രമക്കേടും കണക്കില്‍ പെടാത്ത പണം അനധികൃതമായി സൂക്ഷിക്കുകയും ചെയ്തതിനാല്‍ തലശ്ശേരി ജോയിന്റ് ആര്‍.ടി.ഒ ഷീബ, ജീവനക്കാരായ ഷൈബി, സുജിത് ബാബു എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ അനുമതി തേടി ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് അയച്ചു.

അനുമതി ലഭിച്ചാലുടന്‍ വിപുലമായ അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. തലശ്ശേരി ഓഫീസിലെ റിക്കാര്‍ഡ് റൂമിലെ പഴയ ഫയലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് 5150 രൂപ വിജിലന്‍സിന് കിട്ടിയത്. റെയ്ഡിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നി ഓഫീസിലെ വനിതാ ജീവനക്കാരി ഷൈബിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ പ്രത്യേക മുറിയിലേക്ക് മാറ്റി നിര്‍ത്തി നടത്തിയ പരിശോധനയില്‍ വസ്ത്രത്തിനുള്ളില്‍ നിന്നും 500 രൂപയുടെ നോട്ട് ലഭിച്ചു.

മുതിര്‍ന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു റെയ്ഡ്. വാഹന ഉടമകളുടെ അപേക്ഷകളില്‍ കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ മാസങ്ങളുടെ കാലതാമസം വരുത്തുന്നുവെന്നും ഓഫീസ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഏജന്റുമാരാണെന്നുമുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് റെയ്ഡിനെത്തിയത്. കാസര്‍കോട് വിജിലന്‍സ് അന്വേഷണം നേരിടുന്നതിനിടെ സ്ഥലംമാറ്റം വാങ്ങി തലശ്ശേരിയില്‍ എത്തിയതാണ് ഉന്നത ഉദ്യോഗസ്ഥയെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. കണ്ണൂര്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എ.വി ദിനേശന്‍, കോഴിക്കോട് യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍മാരായ ഗണേഷ്‌കുമാര്‍, സുരേഷ്, സജീവന്‍ എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.

ശമ്ബളമുണ്ട് ഒരു ലക്ഷത്തോളം, എന്നാലും

ഒരു ലക്ഷം രൂപ വരെ വേതനം ലഭിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. എങ്കിലും പാവപ്പെട്ട ഓട്ടോക്കാരില്‍ നിന്നും പോലും അഭിമാനക്കുറവ് തോന്നാതെ കൈക്കൂലി പിടുങ്ങുകയാണെന്ന് ജനം പറയുന്നു. മക്കളുടെ വിദ്യാഭ്യാസം, വീട്ട് ചെലവ് എന്നിവയൊക്കെ ഒപ്പിച്ച്‌ പോകണ്ടേയെന്ന് ഏജന്റുമാരും സരസമായി പറയുന്നു. കൈക്കൂലി കേസില്‍ പിടിക്കപ്പെട്ടാലും ഭരണസ്വാധീനം ഉപയോഗിച്ച്‌ ഊരിപ്പോരും. യാതൊരു കുറ്റബോധവുമില്ലാതെ പെന്‍ഷന്‍ പറ്റുന്നവരും ഇക്കൂട്ടത്തിലുണ്ട്.

വൈറലായ ഓഡിയോ ക്ലിപ്പ്

ഫയലുകള്‍ താമസിപ്പിക്കുന്നതും ഇതിലെ വിവാദങ്ങളും പുത്തരിയല്ല, 2017 ല്‍ നീലേശ്വരം പരപ്പ സ്വദേശി സോണി മാത്യുവിന്റെ ആര്‍.സി ബുക്ക് ഉദ്യോഗസ്ഥര്‍ വൈകിപ്പിച്ചതും ഇതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും നിയമ നടപടിയിലേക്ക് നീണ്ടിരുന്നു. പരാതിക്കാരന്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറെ വിളിച്ചു. മറുപടിയില്‍ കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി.ഒ ആയിരുന്ന മട്ടന്നൂര്‍ സ്വദേശിനി എ.സി ഷീബയെ അദ്ദേഹം പരാമര്‍ശിച്ചിരുന്നു. കാഞ്ഞങ്ങാട് എ.എം.വി.ഐയെയും പേരെടുത്ത് പറഞ്ഞ്, കൈക്കൂലി ആവശ്യമുള്ളവര്‍ക്ക് താന്‍ കൊടുത്തോളാമെന്നും പറഞ്ഞു. ഈ ഫോണ്‍ സംഭാഷണം നവമാദ്ധ്യമങ്ങളില്‍ വൈറലായി. ബന്ധമില്ലാത്ത കാര്യത്തില്‍ തന്റെ പേര് പരാമര്‍ശിച്ചെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ പരാതിയുമായി എത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസുമെടുത്തു.