
മട്ടന്നൂര്‍: ( 21.09.2020) നിയമസഭയില്‍ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോഷ്യല്‍ മീഡിയയില്‍ വ്യാജ വീഡിയോയിട്ട് അപമാനിച്ച എസ് ഐക്കെതിരെ പൊലീസ് സേനയില്‍ പ്രതിഷേധം രൂക്ഷമാകുന്നു. ശക്തമായ രാഷ്ട്രീയ ചേരിതിരിവ് നിലനില്‍ക്കുന്ന കണ്ണൂരില്‍ പൊലീസുകാര്‍ക്കിടയില്‍ ഈ വിഷയം ചൂടുപിടിച്ചിരിക്കുകയാണ്.
മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സതീശനാണ് ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ഫെയ്സ്ബുക്കില്‍ സരിതാ എസ് നായരുമായി ചേര്‍ന്നുള്ള ദൃശ്യങ്ങള്‍ സംയോജിപ്പിച്ച് വീഡിയോയിട്ടത്. ഇതു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി. ഉമ്മന്‍ ചാണ്ടിയെ സരിത എസ് നായരുമായി ചേര്‍ത്തുവച്ച് വീഡിയോ നിര്‍മിച്ച് മട്ടന്നൂര്‍ പൊലീസ് എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയില്‍ എസ് ഐ പ്രചരിപ്പിച്ചു.
ശനിയാഴ്ച 11.30നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സര്‍വീസില്‍ ഇരിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന് രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് ബോധപൂര്‍വ്വം നടത്തിയ ഈ കുറ്റകൃത്യത്തില്‍ എസ് ഐയ്ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളണമെന്ന് ഡിസിസി പ്രസിഡന്റ് ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ പറയുന്നു.