Sat. Dec 5th, 2020




കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഉപേക്ഷിച്ച കരിങ്കല്‍ ക്വാറികള്‍ മത്സ്യ വളര്‍ത്തുകേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂര്‍, കൂത്തുപറമ്ബ്, പേരാവൂര്‍ മേഖലകളിലാണ് ഇത്തരത്തില്‍ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട നിരവധി പേര്‍ക്ക് ജീവനോപാധി കൂടിയാവുകയാണീ നൂതന സംരംഭങ്ങള്‍.

ഉപേക്ഷിക്കപ്പെട്ട ക്വാറികളില്‍ വര്‍ഷകാലമായതോടെ വെള്ളം നിറഞ്ഞിരിക്കയാണ്. ഇതില്‍ പ്രത്യേകം കൂടുകള്‍ തയ്യാറാക്കിയാണ് കൃഷി. ഈ കൂടുകളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഒരു കൂട്ടില്‍ 2000 മത്സ്യ കുഞ്ഞുങ്ങളെ വരെ വളര്‍ത്താം. മികച്ച പരിചരണത്തിലൂടെ അഞ്ച് മാസത്തിനകം വിളവെടുക്കാം. വെള്ളത്തിലെ ഓക്സിജന്‍്റെ അളവ് ക്രമീകരിക്കുന്നതിന് എയറേറ്ററും കൂടുകളില്‍ സ്ഥാപിക്കും.

കൂത്തുപറമ്ബിലെ വട്ടിപ്രം, വേങ്ങാട് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മത്സ്യകൃഷി കേന്ദ്രങ്ങള്‍ ഉള്ളത്. വട്ടിപ്രത്തു മാത്രം നാല്‍പതോളം ക്വാറികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉണ്ട്. ഇതില്‍ പലതും രണ്ടേക്കറില്‍ അധികം വിസ്താരവും 40 മീറ്റര്‍ വരെ ആഴമുള്ളതുമാണ്. കടുത്ത വേനലില്‍ പോലും ജലസമൃദ്ധിയുള്ളവയുമാണിവ. ഇതാണ് മത്സ്യകൃഷിക്കായി പ്രചോദനമായത്.

വട്ടിപ്രം മേഖലയില്‍ ഇതിനകം പത്ത് ക്വാറികളില്‍ മത്സ്യകൃഷി ആരംഭിച്ചു കഴിഞ്ഞു. കരിമീന്‍, തിലോപ്പി തുടങ്ങിയ ഇനങ്ങളാണിവിടെ കൃഷി ചെയ്യുന്നതില്‍ അധികവും. ശുദ്ധജലകൃഷിയായതിനാല്‍ നല്ല വിളവാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, പുഴകളിലെ മത്സ്യ സമ്ബത്ത് കാര്യമായി കുറഞ്ഞതോടെ പരമ്ബരാഗത മത്സ്യ ബന്ധനം പൂര്‍ണമായും ഇല്ലാതായി. പുഴകളില്‍ കണ്ടു വരുന്ന പ്രധാനപ്പെട്ട പല മത്സ്യങ്ങളും ഇപ്പോള്‍ കാണാറില്ലെന്ന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍. മാര്‍ക്കറ്റുകളില്‍ എത്തുന്ന പുഴ മീനുകള്‍ ഏറെയും വരുന്നത് അന്യ ജില്ലകളില്‍ നിന്നാണ്. കടല്‍ മത്സ്യത്തെ അപേക്ഷിച്ച്‌ രുചിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന മത്സ്യങ്ങളാണ് പുഴയിലേത്ത്. ചെമ്ബല്ലി, കൊളോന്‍, മാലന്‍, തിരുത, കരിമീന്‍, നേങ്ങോല്‍ തുടങ്ങിയ പുഴയില്‍ നിറഞ്ഞ് നിന്ന മത്സ്യങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയുടെ ലഭ്യത തീരെ കുറവാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കരയോട് ചേര്‍ന്ന് സഞ്ചരിക്കുകയും മുട്ടയിടുകയും ചെയ്യുന്ന കരിമീന്‍ പുഴയിലെ നിത്യ സാന്നിധ്യമാണ്.

എന്നാല്‍ മത്സ്യങ്ങളുടെ വളര്‍ച്ചയെ പോലും ഇല്ലാതാക്കുന്ന മത്സ്യബന്ധന രീതിയുമായി മത്സ്യത്തൊഴിലാളികള്‍ അല്ലാത്തവര്‍ ഈ രംഗത്ത് ഇറങ്ങിയതോടെയാണ് കരിമീന്‍ പോലുള്ളവ പുഴയില്‍ കുറയാനിടയായതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മുട്ടയിടാന്‍ വേണ്ടി തീരത്തോട് ചേര്‍ന്ന് എത്തുന്ന കരിമീനുകളെ കോര് വല കൊണ്ട് പിടിക്കുന്ന രീതി വര്‍ധിച്ചതാണ് കരിമീന്‍ കുറയാനിടയായത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ചെമ്ബല്ലി പോലുള്ള വലിയ മത്സ്യങ്ങളെ പിടിച്ചിരുന്നത് പുഴയില്‍ കൂട് വച്ചിട്ടായിരുന്നു. മുളകൊണ്ട് ഉണ്ടാക്കിയ കൂട് സന്ധ്യാ സമയത്ത് പുഴയില്‍ കല്ല് കെട്ടി താഴ്ത്തിവയ്ക്കും. 2 ദിവസം കഴിഞ്ഞാണ് എടുക്കുക. തീരദേശ ഗ്രാമങ്ങളിലെ അധിക വീടുകളിലും ചെമ്ബല്ലിക്കൂട് കാണാം. എന്നാല്‍ ചെമ്ബല്ലി പോലുള്ളവ കുറഞ്ഞതോടെ പരമ്ബരാഗതമായ ഈ രീതി ഇല്ലാതായി. അതെ സമയം പൊരിച്ച കോഴിയുടെ കഷണങ്ങള്‍ ചൂണ്ടയില്‍ കോര്‍ത്ത് മത്സ്യം പിടിക്കുന്നതാണ് പുതിയ ശൈലി.




By onemaly