Thu. Nov 26th, 2020




കൊച്ചിയില്‍ എന്‍ഐഎ റെയ്ഡ്; മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍

കൊച്ചിയില്‍ മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍. ശനിയാഴ്ച്ച പുലര്‍ച്ചയോടെ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ പിടിയിലായത്. മുര്‍ഷിദ് ഹസന്‍, ഇയാഖൂബ് ബിശ്വാസ്, മൊസറഫ് ഹൊസന്‍ എന്നീ പേരുകളിലുളള മൂന്ന് പേരെയാണ് പെരുമ്പാവൂര്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്തത്. നിര്‍മ്മാണ തൊഴിലാളികള്‍ എന്ന പേരില്‍ ഇവര്‍ കൊച്ചിയില്‍ താമസിച്ച് വരികയായിരുന്നു.

പിടിയിലായവര്‍ മലയാളികള്‍ അല്ലെന്നാണ് സൂചന. ഭീകരര്‍ ഒളിച്ച് താമസിക്കുന്നതായി എന്‍ഐഎയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഈ മാസം 11ന് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഡല്‍ഹിയിലായതിനാല്‍ പ്രതികളെ അങ്ങോട്ട് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്.

അതേസമയം പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും 6 ഭീകരരേയും പിടികൂടിയിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും മറ്റ് ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തു. പിടിയിലായ ഭീകരര്‍ക്ക് രാജ്യതലസ്ഥാനത്ത് ഉള്‍പ്പടെ ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നതായി എന്‍ഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.



By onemaly