
തളിപ്പറമ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തളിപ്പറമ്പ സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം സപ്തംബര്‍ 22 ന് രാവിലെ 10.30 ന് പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ ജയിംസ് മാത്യു എം എല്‍ എ അധ്യക്ഷനാകും.
ദിവസേന നൂറുക്കണക്കിനാളുകള്‍ വന്നു പോകുന്ന സബ് രജിസ്ട്രാര്‍ ഓഫീസ് കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണിച്ച കെട്ടിടത്തിലാണ് ഇതുവരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. റെക്കോര്‍ഡ് റൂമടക്കം ക്ഷയിച്ചുപോയിരുന്നു. 2018ലെ കിഫ്ബി പദ്ധതിയില്‍ 1.21 കോടി രൂപ വകയിരുത്തിയാണ് ആധുനിക രീതിയിലുള്ള കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. 2019 ഫെബ്രുവരി 19 നായിരുന്നു പ്രവര്‍ത്തി ഉദ്ഘാടനം. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല.ആധുനീകരിച്ച ഓഫീസ് സംവിധാനങ്ങള്‍ക്ക് പുറമെ സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, ഭിന്നശേഷിക്കാരായ ആളുകള്‍ക്കുള്ള പ്രത്യേക സൗകര്യം, വിശാലവും സുരക്ഷിതവുമായ റെക്കോഡ് റൂം, റെക്കോഡുകള്‍ ഒന്നാം നിലയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഡംപ് വെയ്റ്റര്‍ (ചെറിയ ലിഫ്റ്റ്) സംവിധാനം, ലൈബ്രറി റൂം, മഴവെള്ള സംഭരണി, പാര്‍ക്കിംഗ് സൗകര്യം എന്നിവ ഉള്‍പ്പെടെയാണ് കെട്ടിടം ഒരുക്കിയിട്ടുള്ളത്.