Thu. Nov 26th, 2020




കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ പ്രത്യക്ഷ സമരവുമായി ഡിവൈഎഫ്‌ഐ. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ വി.മുരളീധരന്‍ ശ്രമിക്കുന്നതായാണ് ആക്ഷേപം. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ധര്‍ണ്ണ നടത്തി. കേന്ദ്ര അന്വേഷണ ഏജന്‍സിയെ രാഷ്ട്രീയമായി ബി.ജെ.പി ഉപയോഗിക്കുന്നു എന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്‍റ് പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

നയതന്ത്ര ബാഗേജ് വഴി നടന്ന സ്വര്‍ണം കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ എന്നാണ് ഡിവൈഎഫ്‌ഐ ആരോപണം. സുതാര്യമായ നിക്ഷ്പക്ഷമായ അന്വേഷണം നടത്തേണ്ടതാണ്. ദേശീയ അന്വേഷണ ഏജന്‍സി അത്തരത്തില്‍ ആണോ അന്വേഷണം നടത്തുന്നത് എന്നതില്‍ സംശയമുണ്ടെന്ന് തിരുവനന്തപുരത്ത് നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് മുഹമ്മദ് റിയാസ് ചോദിച്ചു.

കെ.ടി ജലീലിനെ സാക്ഷിയെന്ന നിലയിലാണ് അന്വേഷണ സംഘം വിളിപ്പിച്ചത്. ബി.ജെ.പി രാഷ്ട്രീയത്തിന്‍റെ ചാരന്‍മാരാണ് കേരളത്തിലെ ചില കോണ്‍ഗ്രസുകാരും ലീഗുകാരും. മുസ്ലിം ലീഗ് എം.എല്‍.എക്കെതിരെ ബി.ജെ.പി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. കോ-ലീ-ബി സംഖ്യമാണോ കാരണമെന്ന് വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. എറണാകുളത്ത് ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു.



By onemaly