Sun. Nov 29th, 2020




കണ്ണൂര്‍: ( 17.09.2020) ബിഎംഎസ് സംസ്ഥാന നേതാവിന്റെ ഒത്താശയില്‍ നടന്ന ബന്ധുനിയമന അഴിമതിക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം ശക്തമാവുന്നു. കേന്ദ്ര സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നിയമവിരുദ്ധമായ നിയമനം നടത്തിയ നേതാവിനെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തി നിയമനത്തിലുള്ള അഴിമതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്‍ എഫ് പി ഇ രംഗത്തെത്തിയിട്ടുണ്ട്. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ ശേഷിക്കേയാണ് തന്റെ ബന്ധുവിനെ പിന്‍വാതിലിലൂടെ നിയമവിരുദ്ധമായി സ്വീപര്‍ തസ്തികയിലേക്ക് കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ പോസ്റ്റ് മാസ്റ്ററായ നേതാവ് നിയമനം നടത്തിയത്.

 

ഡയറക്ടറേറ് ഓര്‍ഡര്‍ പ്രകാരം ഇത്തരത്തില്‍ സ്ഥിര നിയമനം നടത്താന്‍ അര്‍ഹതയില്ല. സ്വീപര്‍ തസ്തികയിലേക്ക് നിശ്ചിത നിരക്കില്‍ താല്‍ക്കാലിക നിയമനം മാത്രമേ നടത്താന്‍ അര്‍ഹതയുള്ളൂ എന്ന ഉത്തരവ് നിലനില്‍ക്കെയാണ് തന്റെ ബന്ധുവിന് നിയമവിരുദ്ധ നിയമനം നല്‍കിയത്. നിയമനത്തിനായി തയ്യാറാക്കിയ നോട്ടിഫിക്കേഷന്‍ പോലും നിയമിച്ചതിന് ശേഷം മാത്രമാണ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായത്.

കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനത്തില്‍ തികച്ചും അനധികൃതമായി തന്റെ ബന്ധു കൂടിയായ ഒരാളെ നിയമിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ഇദ്ദേഹത്തെ സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്തിക്കൊണ്ട് നിയമനവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ പയ്യാമ്ബലത്തെ സൂപ്രണ്ട് ഓഫീസിനു മുന്നില്‍ എന്‍ എഫ് പി ഇ പ്രതിഷേധ ധര്‍ണ്ണ നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. എ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍ എഫ് പി ഇ ജില്ലാ കണ്‍വീനര്‍ എ പി സുജികുമാര്‍, ബി പി രമേശന്‍, കെ സുനില്‍ കുമാര്‍, പി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.



By onemaly