Sat. Dec 5th, 2020




കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എന്‍ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒമ്ബത് മണിക്കൂര്‍ എന്‍ഐഎ ചോദ്യം ചെയ്ത ശേഷമാണ് മന്ത്രി കെ ടി ജലീല്‍ ഓഫീസില്‍ നിന്നും പുറത്തേക്ക് എത്തിയത്. പുറത്തേക്ക് ചിരിച്ച മുഖവുമായാണ് ജലീല്‍ എത്തിയത്. കാറില്‍ കയറുന്നതിന് മുമ്ബായി തന്നെ ഫോക്കസ് ചെയ്തുവെച്ച ചാനല്‍ ക്യാമറകളെ നോക്കി അദ്ദേഹം കൈവീശിക്കാണിച്ചു. ഇതിന് ശേഷം കാറില്‍ കയറി യാത്ര തുടര്‍ന്ന മന്ത്രി ചാനല്‍ ക്യാമറകളെ കബളിപ്പിച്ചു കടന്നു കളയുകയും ചെയ്തു.

എന്‍ഐഎ ഓഫീസില്‍ നിന്നും പുറപ്പെട്ട മന്ത്രി പാതിവഴിയില്‍ വെച്ച്‌ മറ്റൊരു കാറില്‍ കയറി പോകുകയായിരുന്നു. ഗസ്റ്റ് ഹൗസിലേക്ക് എത്തിയ വണ്ടിയില്‍ മന്ത്രി ഉണ്ടായിരുന്നില്ല. മന്ത്രി തലസ്ഥാനമായി തിരുവനന്തപുരത്തേക്കാണ് യാത്രതിരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മന്ത്രിവാഹനത്തിലാണോ സ്വകാര്യ വാഹനത്തിലാണോ പോയതെന്ന കാര്യം വ്യക്തമായിട്ടില്ല. മുമ്ബത്തെ പോലെ മന്ത്രിയെ പിന്തുടരാന്‍ വേണ്ടി ചാനലുകള്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, പതിവു പോലെ മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ മുങ്ങുകയാണ് ജലീല്‍ ചെയ്തത്.

രാവിലെ ആറ് മണിക്ക് നാടകീയുമായി എന്‍ഐഎ ഓഫീസില്‍ എത്തിയ മന്ത്രി കെ ടി ജലീല്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് ഓഫീസില്‍ നിന്നും പുറത്തിറങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു. പത്തര മണിക്കൂറോളമാണ് മന്ത്രി കേന്ദ്ര ഏജന്‍സിയുടെ ഓഫീസില്‍ തുടര്‍ന്നിരിക്കുന്നത്. പറയാനുള്ളതെല്ലാം പറഞ്ഞെന്നാണ് മന്ത്രി മനോരമ ന്യൂസ് ചാനലിനോട് അറിയിച്ചിരിക്കുന്നത് എന്നാണ് പുത്തുവരുന്ന വിവരങ്ങള്‍. മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്ക് നടുവിലേക്കാണ് മന്ത്രി ഇറങ്ങിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മുതല്‍ കേരളത്തില്‍ പലയിടങ്ങളിലായ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. രാവിലെ ആറുമണിയോടെയാണ് മുന്‍ ആലുവ എംഎല്‍എ എ.എം.യൂസഫിന്റെ കാറിലാണ് മന്ത്രി കൊച്ചിയിലെ എന്‍.ഐ.എ. ഓഫീസില്‍ എത്തിയത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചു എന്നാണ് വിവരം. മാര്‍ച്ച്‌ നാലിന് എത്തിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, സ്വര്‍ണക്കടത്ത് കേസിലെ സ്വപ്നയടക്കമുള്ള പ്രതികളുമായുള്ള ബന്ധം, കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം എന്നീ വിഷയങ്ങളില്‍ എന്‍ഐഎ വ്യക്ത തേടിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

മാധ്യമങ്ങള്‍ അറിയാതിരിക്കാനാണ് പുലര്‍ച്ചെതന്നെ ജലീല്‍ എന്‍.ഐ.എ. ഓഫീസിലെത്തിയതെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പെടുകയായിരുന്നു. മനോരമ ന്യൂസിന്റെ അനില്‍ ഇമ്മാനുവലാണ് മന്ത്രി വരുന്ന വിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനാണ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച്‌ സ്വകാര്യ വാഹനത്തില്‍ എത്തിയതെന്നാണ് സൂചന. കഴിഞ്ഞ തവണ ഇ.ഡി. ഓഫീസിലെത്തിയതും സ്വകാര്യവാഹനത്തിലായിരുന്നു. അന്ന് ചോദ്യംചെയ്യലിനു ശേഷവും ജലീല്‍ അക്കാര്യം മാധ്യമപ്രവര്‍ത്തകരോട് സമ്മതിച്ചിരുന്നില്ല.

ജലീലിനെ എന്‍.ഐ.എ. ചോദ്യംചെയ്യാന്‍ വിളിച്ചതായുള്ള വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ പ്രതിപക്ഷവും ബിജെപിയും ജലീലിന്റെ രാജി എന്ന ആവശ്യം ശക്തമായുന്നയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ നല്‍കുന്ന സൂചന. അതിനിടെ ഒന്നും ഒളിച്ചുവെയ്ക്കാനില്ലെന്നും സത്യം ജയിക്കുമെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ രാവിലെ 10 മണിക്ക് കെടി ജലീല്‍ വാട്‌സ് ആപ്പിലൂടെ മാധ്യമങ്ങോട് പ്രതികരിച്ചത്.

എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിനിടെ രണ്ട് തവണയാണ് മന്ത്രി സന്ദേശങ്ങള്‍ അയച്ചത്. ഉച്ചക്ക് 1.19ന് ലഭിച്ച സന്ദേശത്തില്‍ വളരെ സന്തോഷവാനാണെന്നും മറച്ചുവെക്കാനൊന്നും ഇല്ലെന്നും പറയുന്നു. രാവിലെ 10 മണിയോടെ അയച്ച സന്ദേശത്തില്‍ ഒന്നും ഒളിച്ചുവെക്കാനില്ലെന്നും സത്യം ജയിക്കുമെന്നുമാണ് പറയുന്നത്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നതുവരേയേ ആയുസ് ഉണ്ടാവുകയുള്ളൂവെന്നും വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ആണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം, എന്‍ഫോഴ്‌സ്‌മെന്റിന് പിന്നാലെ മന്ത്രി കെ.ടി.ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരുമന്ത്രി ഇത്തരത്തിലൊരു അന്വേഷണം നേരിടുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ തെരുവില്‍ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നിലപാടും തിരിച്ചടിച്ചേക്കും.

മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഇതുവരെ കെ.ടി. ജലീലിനെ പ്രതിരോധിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധവും ചട്ടവിരുദ്ധമായി വിദേശ കോണ്‍സുലേറ്റിന്റെ സഹായം സ്വീകരിച്ചതും യുഎഇയില്‍ നിന്നുവന്ന മതഗ്രന്ഥം സര്‍ക്കാര്‍വാഹനത്തില്‍ കൊണ്ടുപോയതുമാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. മന്ത്രിയെ ചോദ്യം ചെയ്തതില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ നിഗമനവും എന്‍ഐഎയുടെ സമീപനവും വ്യക്തമല്ലാത്തത് സര്‍ക്കാരിനെ കുഴയ്ക്കുന്നു. നേരത്തെ അന്വേഷണ ഏജന്‍സികള്‍ചോദ്യം ചെയ്തപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ നടപടിയെടുത്തിരുന്നു.

എന്നാല്‍ മന്ത്രിയുടെ കാര്യത്തിലെ വ്യത്യസ്തമായ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു. കെ.ടി.ജലീല്‍ രാജിവെക്കേണ്ട എന്ന രാഷ്ട്രീയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കൂടുതല്‍ കടുക്കുമെന്ന് ഉറപ്പാണ്. പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. പക്ഷെ മന്ത്രിക്കെതിരെ കൂടുതല്‍വിവരങ്ങള്‍ പുറത്തു വന്നാല്‍ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാവും. ഇത് സര്‍ക്കാരിന്റെ പ്രതിഛായക്ക് ഇടിവുണ്ടാക്കുമെന്ന ആശങ്കയും ഭരണ നേതൃത്വത്തിനുണ്ട്. എന്‍.ഐ.എയുടെ നീക്കങ്ങള്‍ സൂക്ഷമായി നിരീക്ഷിച്ചേശേഷമേ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും മറിച്ചൊരു നിലപാടിലേക്ക് എത്താന്‍ ഇടയുള്ളൂ.




By onemaly