Tue. Nov 24th, 2020




കോഴിക്കോട്
ഖുര്‍ആനെ അപമാനിക്കുന്ന കാര്‍ട്ടൂണുമായി മലയാള മനോരമ. തിങ്കളാഴ്ച ഒന്നാംപേജില്‍ മന്ത്രി ജലീലിനെ ആക്ഷേപിക്കാനായി നല്‍കിയ കാര്‍ട്ടൂണിലാണ് വിശുദ്ധ മതഗ്രന്ഥത്തെ അപഹസിച്ചത്. ‘എല്ലാം കെട്ടുകഥയാ’ണെന്ന കാര്‍ട്ടൂണിലെ പരാമര്‍ശം ഖുര്‍ആനെ അധിക്ഷേപിക്കുന്നതാണെന്നാണ് മതസംഘടനകളുടെയും വിശ്വാസികളുടെയും പരാതി. മന്ത്രി ജലീല്‍ ഖുര്‍ആന്‍ ചുമന്നുനില്‍ക്കുന്ന ചിത്രത്തിന് അടിക്കുറിപ്പായാണ് വിവാദ പരാമര്‍ശം.

മനോരമയുടേത് ഖുറാന് എതിരായ ഒളിയമ്ബാണെന്ന് സുന്നി യുവജനസംഘം (-സമസ്ത ഇകെ വിഭാഗം) സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. കക്ഷി രാഷ്ട്രീയ വഴക്കുകളിലേക്ക് മതവിശ്വാസത്തെയും വിശുദ്ധ ഗ്രന്ഥത്തേയും വലിച്ചിഴക്കുന്നത് അപക്വവും അപകടകരവുമാണെന്ന് എസ്വൈഎസ് സംസ്ഥാന സെക്രട്ടറിയറ്റും പ്രസ്താവനയില്‍ പറഞ്ഞു.

ഇത് പച്ചവര്‍ഗീയത: നാസര്‍ഫൈസി കൂടത്തായി

ഖുര്‍ആനെ അപമാനിക്കുന്ന കാര്‍ട്ടൂണിലൂടെ മനോരമ പത്രം പ്രകടിപ്പിച്ചത് പച്ചയായ വര്‍ഗീയതയാണെന്ന് സമസ്തയുടെ യുവജനവിഭാഗമായ സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. സമകാലിക രാഷ്ട്രീയ വിഷയങ്ങളെ ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്നത് മനോരമയുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ്.

“എല്ലാം കെട്ടുകഥയാണ് ’ എന്നെഴുതിയ കാര്‍ട്ടൂണിലൂടെ മന്ത്രി കെ ടി ജലീലിനെതിരെ കേസ് കെട്ടിച്ചമച്ചതാണ്, മന്ത്രിയുടെ വാദം മെനഞ്ഞുണ്ടാക്കിയതാണ്, മന്ത്രി വഹിക്കുന്നത് നാറുന്ന വര്‍ത്തമാനമാണ് എന്നൊക്കെയാണ് കാര്‍ട്ടൂണ്‍ സന്ദേശമെന്ന് ന്യായീകരണം നിരത്തുമായിരിക്കും. എന്നാലും കൊണ്ടുവന്ന ഗ്രന്ഥത്തിനകത്ത് കെട്ടുകഥയാണ് എന്ന അടിസ്ഥാനരഹിതമായ സിയോണിസ്റ്റ് ആരോപണമാണ് മുനവച്ച്‌ എഴുതിയതെന്ന് കാഴ്ചയില്‍ ബോധ്യമാവും. മന്ത്രിയെ ആക്ഷേപിക്കാന്‍ പ്രയോഗങ്ങള്‍ വേറെ പലതുമാകാമായിരുന്നിട്ടും ഖുര്‍ആന് നേരെ ഒളിയമ്ബെയ്തത് തന്നെയെന്ന് മലയാളി വായിച്ചെടുക്കും. അത് തന്നെയാണ് പത്രം ഉദ്ദേശിച്ചിട്ടുണ്ടാകുക.

പ്രതിഷേധം കനത്ത് ഖേദപ്രകടനവും മാപ്പുമൊക്കെയായി വന്നേക്കാം. “ഞങ്ങള്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല, തെറ്റിദ്ധാരണക്ക് ഇടവരുത്തിയതില്‍ ഖേദമുണ്ട്’ എന്നൊന്നും അച്ചുനിരത്തുന്നതില്‍ അര്‍ഥമില്ല. ഉദ്ദേശ്യം അങ്ങനെത്തന്നെ ആവട്ടെ. എന്നാല്‍
ഖുര്‍ആന്‍ കെട്ടുകഥയാണെന്ന് ഏതെങ്കിലും ഭാഗമുദ്ധരിച്ച്‌ സമര്‍ഥിക്കാന്‍ പത്രാധിപരോ കാര്‍ട്ടൂണിസ്റ്റോ തയ്യാറുണ്ടോ?–- നാസര്‍ഫൈസി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.



By onemaly