കേരള ബാങ്കിന് അനുമതി; കേരളപ്പിറവി ദിനത്തിൽ യാഥാർഥ്യമാകും


കേരള ബാങ്കിന് അനുമതി; കേരളപ്പിറവി ദിനത്തിൽ യാഥാർഥ്യമാകും

തിരുവനന്തപുരം: കേരള ബാങ്ക് രൂപവത്കരണത്തിന് റിസർവ് ബാങ്ക് അനുമതി നൽകി. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ബാങ്ക് പ്രവർത്തനം തുടങ്ങും. സംസ്ഥാനത്തെ 14 ജില്ല സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കൊണ്ടാണ് കേരള ബാങ്ക് യാഥാർഥ്യമാവുക. നേരത്തെ, ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് സംസ്ഥാന സർക്കാറിന് മാർഗനിർദേശങ്ങൾ നൽകിയിരുന്നു. ജില്ല സഹകരണ ബാങ്കുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കണമെന്നായിരുന്നു ഒരു നിബന്ധന. എന്നാൽ, മുസ്ലിം ലീഗിനും കോൺഗ്രസിനും മേധാവിത്വമുള്ള മലപ്പുറം ജില്ല ബാങ്കിൽ പ്രമേയം പാസാകാത്തതിനെ തുടർന്ന് കേരള ബാങ്ക് രൂപവത്കരണം
അനിശ്ചിതാവസ്ഥയിലായിരുന്നു.
ബാങ്ക് പൊതുഭരണ സമിതി യോഗത്തിൽ കേവല ഭൂരിപക്ഷം മതിയെന്ന ഓർഡിനൻസ് കൊണ്ടുവന്നാണ് സംസ്ഥാന സർക്കാർ ഈ പ്രശ്നം പരിഹരിച്ചത്. ഇത് ആർ.ബി.ഐ അംഗീകരിച്ചതോടെയാണ് കേരള ബാങ്ക് രൂപവത്കരണത്തിന് പ്രതിസന്ധി ഒഴിവായത്. ഇടതുമുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു കേരള ബാങ്ക് രൂപവത്കരണം.