Wed. Dec 2nd, 2020




ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണ് നടനും ‍ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ (44) മരിച്ചു. കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിനു വേണ്ടിയുള്ള ഒരു ടെലിഫിലിം ചിത്രീകരണത്തിനിടെയാണ് മരണം. ആശുപത്രിയില്‍ എത്തിക്കാനായി അഭ്യര്‍ത്ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഏറെ വൈകി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

ബണ്ട് റോഡില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട ബോധവത്കരണ ടെലിഫിലിമിലാണ് പ്രഭീഷ് അഭിനയിച്ചു കൊണ്ടിരുന്നത്. തന്‍്റെ വേഷം അഭിനയിച്ചതിനു ശേഷമാണ് അദ്ദേഹം കുഴഞ്ഞുവീണത്. സംഘത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ വാഹനങ്ങളോട് യാചിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകളില്‍ ശബ്ദം നല്‍കുകയും ചെയ്തിട്ടുള്ളയാളാണ് പ്രഭീഷ്.

ജെഎസ്ഡബ്ല്യു സിമന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ് പ്രഭീഷ്. സിഎസ്‌എസ് സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിക്കുന്നുണ്ട്. പിതാവ്: ചക്കാലക്കല്‍ സിപി ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാന്‍സി. മകള്‍: ടാനിയ. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയില്‍.




By onemaly