Thu. Nov 26th, 2020




പത്തനംതിട്ട ആറന്മുളയില്‍ കോവിഡ് രോ​ഗബാധിതയായ യുവതിയെ ആംബുലന്‍സില്‍ വച്ച്‌ പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍. കായംകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ യുവതിയെ പീഡിപ്പിച്ചത്. ‌

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ഒരു ബന്ധുവീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. സ്രവ പരിശോധനയില്‍ പെണ്‍കുട്ടിയും കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതോടെ അടൂരിലുള്ള ബന്ധുവീട്ടില്‍ നിന്നും പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കയറ്റി പന്തളത്തേക്ക് മാറ്റുകയായിരുന്നു.

ആംബുലന്‍സില്‍ പെണ്‍കുട്ടിക്കൊപ്പം 40 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജനറല്‍ ആശുപത്രിയില്‍ ഇറക്കിയ ശേഷമാണ് പെണ്‍കുട്ടിയെ പന്തളത്തിലെത്തിച്ചത്. ഈ സമയത്ത് പെണ്‍കുട്ടി ആംബുലന്‍സില്‍ തനിച്ചായിരുന്നു. ഈ സമയത്താണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഡ്രൈവര്‍ക്കെതിരെ തെളിവുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതിയെ ഇന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കും. നൌഫലിനെതിരെ വേറെയും കേസുകളുണ്ട്.

കൊവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വെച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ നൗഫല്‍ നേരത്തെയും ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍ പറഞ്ഞു.



By onemaly