Mon. Oct 25th, 2021
മലപ്പട്ടം :-  അഭിമാന നേട്ടത്തിൻ്റെ  തിളക്കത്തിൽ  മലപ്പട്ടം എ കുഞ്ഞിക്കണ്ണൻ സ്മാരക ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ .സ്കൂളിന് ISO 9000: 2015 (Quality Management System) അംഗീകാരം ലഭിച്ചതായി സ്കൂൾ അധികൃതർക്ക് അറിയിപ്പ് ലഭിച്ചു.

മലയോര മേഖലയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച് സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഏറെ ശ്രദ്ധ ആകർഷിച്ച മലപ്പട്ടം AKSGHSS ന് അന്താരാഷ്ട്ര നിലവാരത്തിൻ്റെ  അംഗീകരമായ ISO സർട്ടിഫിക്കറ്റ്  ഈ വിദ്യാലയത്തെ തേടിയെത്തിയിരിക്കുന്നു. സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന സ്കൂളിനെ സംബന്ധിച്ചുള്ള ഈ നേട്ടം ഏറെ സന്തോഷത്തോടെ സ്കൂൾ അധികൃതർ നോക്കി കാണുന്നത്.. കഴിഞ്ഞ വർഷം സ്കൂളിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌, ജയിംസ് മാത്യു എം എൽ എ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂളിൻ്റെ നിലവാരം ഉയർത്താനുള്ള പദ്ധതികൾക്കായി വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച മെഡലുകളും സ്വർണ്ണ മാലയും മന്ത്രിക്ക് നൽകിയത് വൻ വാർത്തയായിരുന്നു.

മലപ്പട്ടം ഹദ്ദാദ് പള്ളി മദ്രസയിൽ തുടങ്ങിയ വിദ്യാലയം 1981 മുതൽ ഹൈസ്കൂളായി പ്രവർത്തനം ആരംഭിച്ച്  2000 മുതൽ ഹയർ സെക്കണ്ടറി ആയി ഉയർന്നു.

തുടർന്ന് കലാ കായിക വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങളുമായി സ്കൂൾ ജൈത്രയാത്ര തുടരുകയായിരുന്നു. ദക്ഷിണേന്ത്യൻ ശാസ്ത്ര മേളകളിൽ തുടർച്ചയായ പങ്കാളിത്തവും അവാർഡ് നേട്ടവും ഈ സ്കൂളിനെ ശ്രദ്ധേയമാക്കിയിരുന്നു. സംസ്ഥാന ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയ ദൃശ്യ കൃഷ്ണൻ ദേശീയ ശാസ്ത്രമേളയിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.അത് പോലെ സ്കൂളിലെ ഗണിതാധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായിരുന്ന രവീന്ദ്രൻ മാസ്റ്റർ ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ മൂന്ന് തവണ പങ്കെടുത്ത് വിശ്വേശ്വരയ്യ മ്യൂസിയം ഇൻഡസ്ട്രിയൽ അവാർഡ് കരസ്ഥമാക്കുകയും ഉണ്ടായിരുന്നു.ഗൈഡ് പ്രവർത്തനത്തിൽ മുഖ്യമന്ത്രിയുടെ ഷീൽഡ് ഉൾപ്പെടെ കരസ്ഥമാക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.

എൻ എസ്സ് എസ് പ്രവർത്തനത്തിൽ ജില്ലാ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാലയം കഴിഞ്ഞ കുറെ  വർഷങ്ങളിലായി നൂറു ശതമാനം വിജയമെന്ന വെന്നിക്കൊടി പാറിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്.

കാർഷിക രംഗത്ത് വിദ്യാർത്ഥികളുടെ അഭിരുചി വളർത്താനുള്ള പദ്ധതികളും  സ്കൂൾ ആവിഷകരിച്ച് നടപ്പിലാക്കുന്നുണ്ട്. വർഷക്കാല, വേനൽക്കാല പച്ചക്കറി കൃഷി നടത്തി വൻ വിളവെടുപ്പ് നടത്തി നാടിൻ്റെ ഉത്സവമാക്കി മാറ്റാനും ഈ സ്കൂളിന് സാധിക്കാറുണ്ട്.

സ്കൂളിൻ്റെ ഭൗതിക സാഹചര്യവികസനത്തിനായി നിലവിൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്.നിലവിൽ അതിലേക്ക് 27 സെൻറ് സ്ഥലം വാങ്ങി കഴിഞ്ഞു. സ്കൂളിലെ  പൂർവ്വ വിദ്യാർത്ഥികളുടെ വകയായാണ്  സ്ഥലം സ്കൂളിലിന് സംഭാവനയായി ലഭിച്ചിട്ടുള്ളത്. പൂർവ്വ വിദ്യാർത്ഥിയായ കെ.പി പ്രേമരാജൻ്റെ നേതൃത്വത്തിൽ സ്കൂളിൻ്റെ വികസന പ്രവർത്തനത്തിനാവശ്യമായ സ്ഥലം വിലക്കു വാങ്ങാനുള്ള ധനസമാഹരണം നടത്താനും പൂർവ്വ വിദ്യാർത്ഥികളുടെ വകയായി അത് സ്കൂളിനു നൽകുവാനും സാധിച്ചു. അത് കൊണ്ട് തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ് റൂമുകൾ അടക്കം നിർമ്മിക്കാനുള്ള പദ്ദതി ഇവിടെ ആവിഷകരിച്ച് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഇവർ.

സ്കൂളിന് ഇപ്പോൾ ലഭിച്ച അംഗീകാരം മികവിൻ്റെ പാതയിലുള്ള വൻ ചുവടുവെപ്പായാണ് സ്കൂൾ പ്രിൻസിപ്പാൾ ഉണ്ണികൃഷ്ണൻ മാസ്റ്ററും, മുൻ പ്രിൻസിപ്പാൾ ഒ .സി. മനോഹരൻ മാസ്റ്ററും, ISO കമ്മിറ്റിയുടെ കൺവീനർ രവീന്ദ്രൻ മാസ്റ്ററും നോക്കി കാണുന്നത്.

ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ളവർ ,അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ,PTA, MPTA, പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ , മലപ്പട്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സ്കൂൾ ISO കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളെ സ്മരിക്കാനും അവയ്ക്ക് നന്ദി രേഖപ്പെടുത്താനും  സ്കൂൾ അധികാരികൾ  മറക്കുന്നില്ല.
By onemaly