Mon. Nov 23rd, 2020




വെഞ്ഞാറമൂട്ടിൽ രണ്ട്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ വെ​ട്ടേറ്റ്​ മരിച്ച സംഭവത്തിൽ മൂന്ന്​ പേരെ കസ്​റ്റഡിയിലെടുത്തു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ വെ​ട്ടേറ്റ്​ മരിച്ച സംഭവത്തിൽ മൂന്ന്​ പേരെ കസ്​റ്റഡിയിലെടുത്തു. കൊലപാതകത്തിൽ കോൺഗ്രസ്​ പ്രവർത്തകർക്ക്​ പങ്കുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു​. അക്രമികളുടെ KL 21 K 4201 ബൈക്ക്​ തേംമ്പാംമൂട് ഭാഗത്ത്​​ നിന്ന്​ കസ്​റ്റഡിയിലെടുത്തു​. മറ്റ്​ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്​ഥർ അറിയിച്ചു. അഞ്ചുപേരടങ്ങുന്ന സംഘമാണ്​ കൊല നടത്തിയതെന്നാണ്​ നിഗമനം.

ഡി.വൈ.എഫ്​.ഐ കലിങ്ങിൻ മുഖം യൂനിറ്റ് പ്രസിഡൻ്റ് ഹഖ്​ മുഹമ്മദ് (24) തേവലക്കാട് യൂനിറ്റ് ജോയിൻറ്​ സെക്രട്ടറി മിഥിലാജ് ( 30 ) എന്നിവരാണ്​ തിങ്കളാഴ്​ച പുലർച്ചെ കൊല്ലപ്പെട്ടത്.

തേമ്പാംമൂട് മദപുരത്താണ്​​ സംഭവം. ബൈക്കിൽ സഞ്ചരിച്ച ഇരുവരെയും തടഞ്ഞുനിർത്തി വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു​. ഇവർക്കൊപ്പമുണ്ടായിരുന്ന ഷഹിൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രദേശത്തെ സി.സി.ടി.വി കാമറകൾ തിരിച്ചു വെച്ചിരുന്നതായും വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്​ ഇതെന്നുമാണ്​ പൊലീസ്​ പറയുന്നത്​. സംഭവ സ്​ഥലത്തിന്​ സമീപത്തെ കെട്ടിടങ്ങളിലെ കാമറകളാണ്​ തിരിച്ചു വെച്ചത്​.



By onemaly