Fri. Dec 4th, 2020




നാളിതുവരെ പരിചിതമല്ലാത്ത കോവിഡ്  പ്രതിസന്ധിയിലൂടെ നമ്മുടെ നാട് കടന്നുപോകുന്ന വേളയിൽ കണ്ണൂർ ജില്ലയിലെ ആരോഗ്യ മേഖലയിൽ കൂടുതൽ ഡോക്ടർമാരുടെയും ഇതര ആരോഗ്യ പ്രവർത്തകരുടെയും അടിയന്തര സേവനം ആവിശ്യമാണ്.
കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാഷണൽ ഹെൽത്ത് മിഷന് അനുവദിച്ച 80 ഡോക്ടർമാരുടെ അധിക തസ്തികയിലേക്ക് 32 പേർ മാത്രമാണ് ജില്ലയിൽ ഡ്യൂട്ടിക്ക് ഹാജരായിട്ടുള്ളത്.   ഡോക്ടർമാർ , നഴ്സുമാർ തുടങ്ങിയ യുവ മെഡിക്കൽ പ്രൊഷണലുകൾ കോവിഡ് ഡ്യൂട്ടിക്ക് അർപ്പണ മനോഭാവത്തോടെ കടന്നു വരണം .നിരുൽസാഹപ്പെടുത്താതെ അവരെ നാടിന്റെ തന്നെ പോരാളികളായി ഉയർന്ന സാമൂഹിക പ്രതിബന്ധതയോടെയുള്ള കർത്തവ്യനിർവഹണത്തിന് പ്രേരിപ്പിക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾ നിറവേറ്റണം .
കോവിഡിൻ്റെ ഭാഗമായി ജില്ലക്ക് അനുവദിക്കപ്പെട്ട 377 സ്റ്റാഫ് നഴ്സ്  തസ്തികയിൽ 150 ഒഴിവുകൾ ഇപ്പോഴും നിലനിൽക്കുകയാണ് .കേരള സർക്കാർ 25% റിസ്ക്ക് അലവൻസ് ഉൾപ്പെടെ നൽകി കൊണ്ട് ഡോക്ടർമാരുടെ ശമ്പളം 41000 രൂപയിൽ നിന്നും 60000 രൂപയിലേക്കും യഥാക്രമം സ്റ്റാഫ്നേഴ്സ് 17000 ൽ നിന്നും 25000 , ലാബ് ടെക്നീഷ്യം 14000 നിന്നും 25000, ഡയാലിസിസ് ടെക്നീഷ്യൻ 14000 നിന്നും 25000 രൂപയിലേക്കും  ഉയർത്തിയിരിക്കുകയാണ് .എങ്കിലും ഈ മേഖലയിലെ പ്രതിസന്ധി തുടരുകയാണ് .
ജൂലൈ 11 മുതൽ 31 വരെയുള്ള കണക്കുകളിൽ 2.65%  ആരോഗ്യ പ്രവർത്തകർ മാത്രമാണ് കോവിഡ് രോഗബാധിതരായത് . അതായത് ,16663 പോസിറ്റീവ് കേസുകളിൽ കോവിഡ്, കോവിഡ് ഇതര ആശുപത്രികളിൽ നിന്നുമായി 441 പേർക്ക് മാത്രം. ഇതും ആവിശ്യമായ പി പി ഇ കിറ്റും മറ്റ് സുരക്ഷാ ഉപകരണങ്ങളും കൃത്യമായ രീതിയിൽ ഉപയോഗിക്കാതിരുന്നതിനാലാണ്  സംഭവിച്ചത് . ആവശ്യമായ പി. പി. ഇ കിറ്റുകൾ അടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയും നിരന്തരമായ പരിശീലനങ്ങൾ നൽകിയും വലിയ തോതിൽ ആരോഗ്യ പ്രവർത്തകരുടെ രോഗബാധ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. ഇതിന് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ദൈനം ദിനമെന്നോണം ജില്ലയിൽ നടപ്പിലാക്കി വരികയാണ് .
ലോകം ഇതുവരെ  അനുഭവിച്ചിട്ടില്ലാത്ത ഈ മഹാമാരിയെ പ്രതിരോധിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഓരോ വ്യക്തിയും സാമൂഹിക പ്രതിബന്ധത കാണിക്കേണ്ട സമയത്ത് ഡോക്ടർമാരും ,  ആരോഗ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇതര പ്രഫഷണലുകളും ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വയം പ്രചോദിതരായി കടന്നു വന്ന് തങ്ങളിൽ അർപ്പിതമായ പ്രൊഫഷണൽ ദൗത്യം നിർവ്വഹിക്കണം .




By onemaly