Tue. Nov 24th, 2020




ഇരിക്കൂറില്‍ ഇപ്പോഴും സി.എച്ച്‌.സി തന്നെ താലൂക്ക് ഗവ. ആശുപത്രി പ്രഖ്യാപനത്തിലൊതുങ്ങി

ഇരിക്കൂര്‍: ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ വരുമ്ബോഴും ഇരിക്കൂറിലെ സര്‍ക്കാര്‍ ആശുപത്രിയോടുള്ള അവഗണന തുടരുന്നു. സാമൂഹിക ആരോഗ്യ കേന്ദ്രമായ ആശുപത്രിയെ കഴിഞ്ഞ സര്‍ക്കാര്‍ താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു. 2016ല്‍ ഉത്തരവിറങ്ങി എങ്കിലും ആശുപത്രി ഇതേവരെ താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയര്‍ന്നിട്ടില്ലെന്നാണ് പ്രധാന പരാതി. ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം എന്ന ബോര്‍ഡ് തന്നെയാണ് ഇവിടെയിപ്പോഴുമുള്ളത്.

രാത്രികാല ചികിത്സ ആശുപത്രിയില്‍ ഇപ്പോഴും അന്യമാണ്. രാത്രികാല ചികിത്സയ്ക്കു വേണ്ടി രണ്ട് ഡോക്ടര്‍മാരെ നിയമിച്ചു എന്ന് പറയുന്നുണ്ടെങ്കിലും നിയമനം കടലാസില്‍ ഒതുങ്ങി. മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രമാണ് ഈ ആശുപത്രി. ഇരിക്കൂര്‍, പടിയൂര്‍, കല്യാട്, മലപ്പട്ടം, ശ്രീകണ്ഠപുരം, മടന്നൂര്‍ നഗരസഭയിലെ ഏതാനും പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ആളുകള്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്നത്.

രാത്രികാലങ്ങളില്‍ രോഗികളെയും കൊണ്ട് നാട്ടുകാര്‍ ഓടുന്നത് കണ്ണൂരിലേയും തളിപ്പറമ്ബിലെയും ആശുപത്രികളിലേക്കാണ്. ജില്ലയില്‍ സി.എച്ച്‌.സികളില്‍ പോലും പത്ത് നഴ്സുമാര്‍വരെ ജോലിചെയ്യുന്ന സ്ഥലത്ത് ഇരിക്കൂര്‍ താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരാണ് രോഗികളെ ശുശ്രൂഷിക്കുന്നത്. ഇപ്പോഴുള്ളത് 5 കെട്ടിടങ്ങള്‍ മാത്രമാണ്. പരിമിതിയില്‍ വീര്‍പ്പുമുട്ടുകയാണ് രോഗികളും ജീവനക്കാരും. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ടും എക്സ് റേ സൗകര്യം പോലും ആശുപത്രിയില്‍ ഇല്ല.

കിടക്കകള്‍ ഒന്നുപോലും കൂടിയില്ല

സി.എച്ച്‌.സി ആയിരുന്നപ്പോള്‍ രണ്ട് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നേടത്ത് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ അധികമായി നാല് ഡോക്ടര്‍മാരെ നിയമിച്ചു എന്നതല്ലാതെ മറ്റ് തസ്തികകള്‍ ഒന്നും വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും അനുവദിച്ചിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന 28 കിടക്കകളില്‍ ഒന്നുപോലും കൂട്ടിയിട്ടില്ല. ആകെയുള്ളത് മൂന്ന് സ്റ്റാഫ് നഴ്സുമാരും ഒരു ഹെഡ് നഴ്സും മാത്രം. സി.എച്ച്‌.സി ആയി പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായിരുന്ന 3 വീതം നഴ്സിംഗ് അസിസ്റ്റന്റുമാരും ഗ്രേഡ് ടു ജീവനക്കാനും മാത്രമേ ഇപ്പോഴും ഉള്ളൂ.

താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ടും ഇരിക്കൂര്‍ സര്‍ക്കാര്‍ ആശുപത്രിയോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തും. ഫലപ്രദമായ കിടത്തി ചികിത്സ തുടങ്ങണം. ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണം.

കെ.ആര്‍ അബ്ദുള്‍ഖാദര്‍, പഞ്ചായത്ത് അംഗം



By onemaly