
തളിപ്പറമ്പ്: അനന്തമായി തുടരുന്ന ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് മര്‍ച്ചന്റ്സ്
അസോസിയേഷന്റെ നേതൃത്വത്തില്‍ തളിപ്പമ്പിലെ വ്യാപാരികള്‍ സൈബര്‍ കാമ്പയിനും പ്രതിഷേധവും നടത്തി.
ഇന്ന് രാവിലെ പത്തോടെ മുഴുവന്‍ വ്യാപാരികളും വീട്ടില്‍ വെച്ചുതന്നെ പ്ലക്കാര്‍ഡ്/ ബ്രോഷര്‍ എന്നിവ പിടിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ (വാട്സ്ആപ്പ്, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റെര്‍, മെസ്സെഞ്ചര്‍) ഫോട്ടോസും കമന്റ്സും അപ്ലോഡ് ചെയ്താണ് മാതൃകാപരമായി പ്രതിഷേധിച്ചത്.
തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ്, സെക്രട്ടറി വി.താജുദ്ദീന് എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഉപജീവനം ഇല്ലാതെ എന്ത് അതിജീവനം, വ്യാപാരികള്‍ക്കും ജീവിക്കണം, വ്യാപാരികളും ജീവനക്കാരും പട്ടിണിയിലേക്ക്, എവിടെ പോസിറ്റീവ് ആയാലും അടക്കേണ്ടത് കടകള്‍ മാത്രമോ? വ്യാപാരികള്‍ വില്‍ക്കുന്നത് കൊറോണയല്ല എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മുഴുവന്‍ വ്യാപാരികളും പ്രതിഷേധത്തില്‍ അണിചേര്‍ന്നത്.
കോവിഡ് 19 കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാരും പോലീസും ആരോഗ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് വ്യാപാരികള്‍, ഇന്ന് രോഗവ്യാപനം ദിനംപ്രതി കൂടുന്നത് തടയാന്‍ അതിന് ഉത്തരവാദിത്തപെട്ടവര് നിര്‍ദേശിക്കുന്ന രീതിയില്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസേഷന്‍ നടത്തുക, അത്യാവശ്യത്തിനല്ലാതെ പുറത്തു പോവാതിരിക്കുക, കൂടുതല്‍ ജാഗ്രതയോട് മുന്പോട്ട് പോവുക ഇതൊക്കെ നടപ്പിലാക്കുന്നതിനും ലോക്ക്ഡൌണ്‍ അടക്കം നടത്തുന്നതിനും വ്യാപാരികള്‍ എതിരല്ല.
എന്നാല്‍ വ്യാപാരികളുടെ ഉപജീവന മാര്‍ഗമായ വ്യാപാര സ്ഥാപനങ്ങള്‍ മാത്രം ലോക്ക്ഡൗണില്‍ അനിശ്ചിതമായി ദീര്‍ഘനാള്‍ അടച്ചിടുന്നത് വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കേരളീയരുടെ ഉത്സവവും വ്യാപാരികളുടെ പ്രധാന സീസണുമായ ഈ ഓണകാലത്തു വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയാല്‍ പട്ടിണിയും അരക്ഷിതാവസ്ഥയും കൂടാതെ വ്യാപാരിള്‍ സംഭരിച്ച ചരക്കുകള്‍ നശിക്കുകയും ഉപയോഗശൂന്യമാവുകയും ചെയ്യുന്നത് നാടിന്റെ സമ്പത് വ്യവസ്ഥക്ക് തന്നെ വിള്ളല്‍ വരുത്തും.
കഴിഞ്ഞ ലോക്ക്ഡൗണില്‍ സഹകരിച്ച വ്യാപാരികള്‍ക്ക് മൊത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളും മാനസിക പ്രയാസങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ തളിപ്പറമ്പില്‍ വീണ്ടും ലോക്ക്ഡൗണ്‍ 3 ആഴ്ച്ച പൂര്‍ത്തീകരിക്കാന്‍ പോവുകയാണ്.
ഇനിയും അടച്ചിടല്‍ തുടര്‍ന്നാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് പോലെ വ്യാപാരികളും ആത്മഹത്യ ചെയ്യേണ്ടിവരും അതുകൊണ്ട് തന്നെ അധികാരികളുടെ കണ്ണ് തുറപ്പിക്കുകയും നമ്മുടെ വിഷമങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും മനസ്സിലാക്കുന്നതിനും വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ യൂണിറ്റ് ഉപജീവനം ഇല്ലാതെ എന്ത് അതിജീവനം ക്യാമ്പയിന് നടത്തിയതെന്ന് വ്യാപാരി നേതാക്കള്‍ അറിയിച്ചു.