കോവിഡ് വ്യാജ പ്രചാരണം: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍ – Sreekandapuram Online News-
Sat. Sep 26th, 2020
നിസാമുദ്ദീന്‍ സമ്മേളത്തില്‍ പങ്കെടുത്തവര്‍ ഒളിച്ചുതാമസിച്ചെന്നും ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അടക്കം 10 പേര്‍ അറസ്റ്റിലായി. 10 പേരുടെയും ഫോണുകളും പിടിച്ചെടുത്തു. വേളൂര്‍ മാണിക്കുന്നം ചെമ്പോട് വീട്ടില്‍ ഹരീഷ് ബാബുവിന്റെ മകന്‍ സി എച്ച് ജിതിനാണ് (33) വ്യാജ പ്രചാരണക്കുറിപ്പ് സഹിതം വിഡിയോ പ്രചരിപ്പിച്ചതെന്ന് പോലിസ് കണ്ടെത്തി. ‘തബ്‌ലീഗ് കൊവിഡ് കോട്ടയത്തും… തെക്കുംഗോപുരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏരിയാ കമ്മിറ്റി ഓഫിസിനു എതിര്‍വശമുള്ള പള്ളിയില്‍ ഒളിച്ചുതാമസിച്ച ഏഴുപേരെ പിടികൂടി.. അഗ്‌നിരക്ഷസേനയെത്തി അണുനശീകരണം നടത്തുന്നു..’ എന്ന കുറിപ്പോടെ ഇയാള്‍ ‘മാതൃശാഖ’ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.

പള്ളിക്ക് സമീപത്തെ ടയര്‍ കടയിലെ അതിഥി തൊഴിലാളിയാണ് വിഡിയോ പകര്‍ത്തിയതെന്ന് കണ്ടെത്തി. ഇയാളെ ചോദ്യംചെയ്തതോടെയാണ് കടയുടമയ്ക്ക് അയച്ചതായി കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കടയുടമയുടെ മകന്‍ ജിതിന് വീഡിയോ അയച്ചതായി കണ്ടെത്തി. ജിതിനെ കസ്റ്റഡിയിലെടുത്തതോടെയാണ് വ്യാജപ്രചാരണത്തിന് പിന്നിലുള്ള ഉറവിടം വ്യക്തമായത്.

ഗ്രൂപ്പില്‍നിന്ന് വിഡിയോ പ്രചരിപ്പിച്ച കൊല്ലാട് പ്ലാന്‍മൂട്ടില്‍ ജോസഫ് ജോര്‍ജ് (26), കല്ലുപുരയ്ക്കല്‍ അറുവക്കണ്ടത്തില്‍ സുനില്‍ ബാബു (42), മാണിക്കുന്നം പഞ്ഞിപ്പറമ്പില്‍ ജയന്‍ (42), വേളൂര്‍ കല്ലുപുരയ്ക്കല്‍ വലിയ മുപ്പതില്‍ചിറ നിഖില്‍ (35), തിരുവാതുക്കല്‍ വെളിയത്ത് അജോഷ് (36), വേളൂര്‍ പാണംപടി അശ്വതി ഭവന്‍ അനീഷ് (35), മാണിക്കുന്നം പുറക്കടമാരി വൈശാഖ് (23), പുന്നയ്ക്കല്‍മറ്റം ജിജോപ്പന്‍ (35), തെക്കുംഗോപുരം സാഗരയില്‍ ശ്രീജിത് (23) എന്നിവരെയും വെസ്റ്റ് പോലിസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച തെക്കുംഗോപുരത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു സമീപത്തെ പള്ളിക്ക് മുന്നില്‍ അഗ്‌നിരക്ഷ സേന അണുനശീകരണം നടത്തുന്ന വിഡിയോയാണ് തെറ്റായ കുറിപ്പ് സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

ഇതിനെതിരേ തെക്കുംഗോപുരം അല്‍ അറഫാ റിലീജിയസ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി മുസ്തഫ ജില്ലാ പോലിസ് മേധാവി ജി ജയദേവിന് പരാതി നല്‍കിയിരുന്നു. ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം ജെ അരുണ്‍, എസ്‌ഐ ടി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിണത്തിലാണ് ഇവരെ പിടികൂടിയത്‌.
By onemaly