
ഇരിട്ടി : ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്നു തുടങ്ങിയ കോവിഡ് വ്യാപനം മേഖലയില്‍ അതിരൂക്ഷമായി തുടരുന്നതിനിടയില്‍ ഇതിനു തടയിടുക എന്ന ലക്ഷ്യത്തോടെ ഇരിട്ടി ടൗണും സമീപവാര്‍ഡുകളും പൂര്‍ണമായും അടച്ചിട്ടു. ഇതോടെ ടൗണ്‍ ആളൊഴിഞ്ഞ് ഏറെക്കുറെ നിശ്ചലമായിരിക്കുകയാണ്. ഏതാനും പച്ചക്കറി, പലചരക്കു കടകളും മൊത്തവ്യാപാര ശാലകളും മെഡിക്കല്‍ ഷോപ്പുകളും
മാത്രമാണ് ഇന്നലെ തുറന്നത്. മൊത്തവ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ എട്ടുമുതല്‍ പത്തുവരെയും ചില്ലറ വില്പനശാലകള്ക്ക് ഉച്ചയ്ക്ക് 12 വരെയും മാത്രമാണ് പ്രവര്‍ത്തന സമയം അനുവദിച്ചിരുന്നത്. ബാങ്കുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും നാമമാത്രമായി ഓടിയെങ്കിലും ഇവയ്ക്ക് ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കാനുള്ള അനുമതി പോലീസ് നല്‍കിയില്ല. ബസുകളില്‍ ആളും തീരെയില്ലായിരുന്നു.
കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായി പ്രധാന പാതയില്‍ മൂന്നിടത്ത് പോലീസ് ചെക്ക് പോസ്റ്റ് ഏര്‍പ്പെടുത്തി. പുന്നാട് , ജബ്ബാര്‍ കടവ്, ഇരിട്ടി പാലം എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റ് ഏര്‍പ്പെടുത്തിയത്. അവശ്യസര്‍വീസ് ആണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
പ്രധാന പാതകളില്‍നിന്ന് ഗ്രാമീണ മേഖലയിലേക്ക് തുറക്കുന്ന റോഡുകളും പോലീസ് അടച്ചു. പുതുശേരി, കണ്ണിക്കരി, കരുവണ്ണൂര്‍, കടത്തുംകടവ്, അളപ്ര, മുക്കട്ടി, തന്തോട്, കോറമുക്ക്- വികാസ് നഗര്‍, കീഴൂര്‍-കൂളിച്ചമ്ബ്ര, കീഴൂര്‍- വികാസ് നഗര്‍, കീഴൂര്‍ അമ്ബലം റോഡ്, അണ്ടിക്കമ്ബനി- വികാസ് നഗര്‍, അണ്ടിക്കമ്ബനി-എടക്കാനം എന്നിവയുള്‍പ്പെടെ 25 റോഡുകളാണ് അടച്ചത്. ഒരുലോഡ് മുള ഉപയോഗിച്ചാണ് പോലീസ് റോഡുകള്‍ അടച്ചത്. ഡിവൈഎസ്പി സജേഷ് വാഴാളപ്പില്‍, സിഐ കുട്ടിക്കൃഷ്ണന്, എസ്ഐ ദിനേശന് കൊതേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിയന്ത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് .
താലൂക്ക് ആശുപത്രിയില്നിന്നുമുണ്ടായ കോവിഡ് വ്യാപനം ഓരോദിവസവും കൂടുകയാണ്. ഇതുവരെയായി 38 പേരിലേക്ക് ഇവിടെനിന്നു കോവിഡ് വ്യാപിച്ചുകഴിഞ്ഞതായാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന കണക്ക്. ഇരിട്ടി നഗരസഭ കൂടാതെ സമീപപഞ്ചായത്തുകളായ പായം, ആറളം, ഉളിക്കല്‍,പടിയൂര്‍ പഞ്ചായത്തുകളിലാണ് സമ്ബര്‍ക്ക വ്യാപനം നടന്നത്.
പായം പഞ്ചായത്തിലെ തന്തോട് (13), അളപ്ര (15) എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണാക്കി. അളപ്ര വാര്‍ഡില്‍ ഒരുകുടുംബത്തിലെ തൊണ്ണൂറു വയസുകാരിക്കുള്പ്പെടെ നാലുപേര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. താലൂക്ക് ആശുപത്രിയില്‍നിന്ന് കോവിഡ് ബാധിതനായി കഴിഞ്ഞാഴ്ച മരിച്ച കൊശവന്‍വയല്‍ സ്വദേശി കിടന്ന തൊട്ടപ്പുറത്തെ കിടക്കയിലായിരുന്നു ഇവര്‍ ആശുപത്രിയില്‍ കിടന്നിരുന്നത്. ഇവിടുത്തെ രണ്ടുപേരുടെ കൂടി ഫലം ഇനിയും വരേണ്ടതുണ്ട്.
തന്തോട്ടെ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മാടത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ വീരാജ്പേട്ടയില്നിന്നെത്തിയ ഒരാളുടെ സഹോദരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഇരിട്ടി പോലീസ് സ്റ്റേഷന് ഉള്‍പ്പെടെ 100 മീറ്റര്‍ പരിധിയില്‍ കണ്ടെയ്ന്മെന്റ് സോണാക്കി നിയന്ത്രണം ഏര്‍പ്പെടുത്തി.
പായം (10), പെരുമ്ബറമ്ബ് (14), ഉദയഗിരി (18) എന്നീ വാര്‍ഡുകള്‍ നേരത്തേ കണ്ടെയ്ന്മെന്റ് സോണാക്കിയിരുന്നു . പായം പഞ്ചായത്തില്‍ മാത്രം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍നിന്നു രോഗ പകര്‍ന്നവരുടെ എണ്ണം പതിനഞ്ചായി. ഇതില്‍ ഏഴുപേര്‍ ഒരു കുടുംബത്തില്നിന്നുമുള്ളവരാണ്. ഉദയഗിരിയില്‍ കഴിഞ്ഞയാഴ്ച മരിച്ചയാളുടെ ഭാര്യ വള്ളിത്തോട് പിഎച്ച്സിയില്‍ എത്തിയതിനെത്തുടര്‍ന്നുണ്ടായ രോഗപകര്ച്ചയിലൂടെയാണ് ഇവിടുത്തെ ഫാര്‍മസിസ്റ്റിന് കഴിഞ്ഞദിവസം രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്.
പായം പഞ്ചായത്ത് സുരക്ഷാസമിതി യോഗവും തന്തോട് , അളപ്ര വാര്‍ഡുകളുടെ ജാഗ്രതാസമിതിയോഗവും ഇന്നലെ നടന്നു. യോഗത്തില്‍ പ്രസിഡന്റ് എന്‍. അശോകന്, സെക്രട്ടറി ജിജി തോമസ്, സി ഐ കുട്ടിക്കൃഷ്ണന്, മെഡിക്കല്‍ ഓഫീസര്‍ ഡോ. രഹന, എച്ച്ഐ എം. സുരേഷ്, വാര്‍ഡ് മെംബര്‍മാരായ പ്രേമന്, ഷീബ, കെ. കെ. വിമല എന്നിവര്‍ പങ്കെടുത്തു.