Thu. Dec 3rd, 2020




കൊച്ചി : കോവിഡ് ബാധിതരുടെ നിരീക്ഷണം ഫലപ്രദമായി നടപ്പാക്കുന്നതിന് ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

ഫോണ്‍ കോള്‍ വിവരങ്ങളില്‍ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. ദിനംപ്രതി രോഗബാധിതരുടെ എണ്ണം കൂടുമ്ബോള്‍ സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്ന് ബെഞ്ച് വിലയിരുത്തി.

നിരീക്ഷണം ഫലപ്രദമാക്കാന്‍ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കോള്‍ വിവരങ്ങള്‍ (സിഡിആര്‍) പൂര്‍ണമായി നല്‍കുന്നതിനുള്ള സംവിധാനമാണ് ടെലികോം കമ്ബനികള്‍ക്ക്ക ഉള്ളത്. ഇവയില്‍ ടവര്‍ ലൊക്കേഷന്‍ ഒഴികെയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു.

കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. കോവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് രോഗികളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള ലംഘനമാണ്. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.




By onemaly