
ശ്രീകണ്ഠപുരം: 26 വര്‍ഷം മുമ്ബ് തുടങ്ങിയ വഞ്ചിയം പദ്ധതി കാടു കയറി നശിക്കുമ്ബോള്‍ പ്രതീക്ഷക്ക് ഹൈ വോള്‍ട്ടേജ് നല്കി ഹൈകോടതി ഉത്തരവ്. 25 ശതമാനം മാത്രം പണി നടത്തി ഉപേക്ഷിച്ച കണ്ണൂര്‍ ജില്ലയിലെ വഞ്ചിയം പദ്ധതിയടക്കം സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ക്ക് ഇതോടെ ജീവന്‍വെക്കും. വഞ്ചിയം പദ്ധതിക്കായി കൊണ്ടുവന്ന ഉപകരണങ്ങള്‍ തുരുമ്ബെടുക്കുകയും പ്രദേശമാകെ കാടുകയറി നശിക്കുകയും ചെയ്ത കാഴ്ചയാണ്. 1993 ലാണ് പയ്യാവൂര്‍ പഞ്ചായത്തിലെ വഞ്ചിയം പുഴയില്‍ മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് ശേഷിയുള്ള പദ്ധതി തുടങ്ങിയത്. സ്വകാര്യ മേഖലയില്‍ തുടങ്ങിയ മലബാറിലെ ആദ്യത്തെ മിനി ജലവൈദ്യുതി പദ്ധതിയായിരുന്നു വഞ്ചിയം. 1997ല്‍ പദ്ധതി പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം.
തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘ഐഡിയല്‍’ കമ്ബനിയാണ് കരാര്‍ എടുത്തത്. വഞ്ചിയം പുഴയില്‍ വെള്ളം തടഞ്ഞുനിര്‍ത്താനായി ചെക്ക്ഡാം നിര്‍മിച്ചാണ് പദ്ധതി തുടങ്ങിയത്. ഡാമിലെ വെള്ളം രണ്ടു മീറ്റര്‍ വ്യാസമുള്ള പൈപ്പിലൂടെ എബനൈസര്‍ മലയില്‍ എത്തിച്ച് 200 അടി താഴെയുള്ള ജനറേറ്ററില്‍ വീഴ്ത്തി വൈദ്യുതി ഉല്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി പ്രദേശത്തുനിന്ന് രണ്ടര കിലോമീറ്റര്‍ അകലെയാണ് എബനൈസര്‍ മല. ഇവിടെനിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതി ശ്രീകണ്ഠപുരം സബ് സ്റ്റേഷനു നല്‍കുമെന്നും 30 വര്‍ഷം സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചതിനു ശേഷം പദ്ധതി കെ.എസ്.ഇ.ബിക്ക് കൈമാറുമെന്നുമായിരുന്നു ധാരണ.
1991ല്‍ പ്രഖ്യാപനം നടത്തിയ പദ്ധതിക്ക് 93 ലാണ് തറക്കല്ലിടുന്നത്. കമ്ബനി പൈപ്പ് ഇടാനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. പദ്ധതിപ്രദേശത്തേക്ക് റോഡും നിര്‍മിച്ചിരുന്നു. ഒന്നരമാസം പിന്നിട്ടതോടെ ഒരു മുന്നറിയിപ്പുമില്ലാതെ പദ്ധതി പാതി വഴിക്ക് ഉപേക്ഷിച്ച് കരാറുകാര്‍ സ്ഥലം വിടുകയായിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയും അഴിമതിയുമാണ് പദ്ധതിയുടെ നിര്‍മാണത്തെ തടസ്സപ്പെടുത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. മുടങ്ങിയ പദ്ധതി പുനരാരംഭിക്കാന്‍ വായ്പ നല്‍കണമെന്നാവശ്യപ്പെട്ട് കമ്ബനിക്കാര്‍ അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനെ സമീപിച്ചിരുന്നു.
കെ.എസ്.ഇ.ബി. ഈടുനിന്നുള്ള വായ്പ ആവശ്യം മന്ത്രി തള്ളിയതോടെ കമ്ബനി ഉടമകള്‍ പിന്മാറി. 1998നു ശേഷം പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചു. പദ്ധതിക്കായി നിര്‍മിച്ച ചെക്ക് ഡാം ഇപ്പോഴും വഞ്ചിയത്തുണ്ട്. ഉപകരണങ്ങളെല്ലാം തുരുമ്ബെടുത്ത് നശിച്ചു. മൂന്നു കോടി ചെലവ് വരുമെന്നായിരുന്നു അന്ന് വൈദ്യുതിവകുപ്പ് പറഞ്ഞിരുന്നത്. നിലവില്‍ അതിെന്റ അഞ്ചിരട്ടി തുകയുണ്ടായാലും പദ്ധതി പൂര്‍ത്തിയാക്കുക പ്രയാസമാണ്. പദ്ധതിക്ക് ഏറ്റെടുത്ത സ്ഥലം നിലവില്‍ സ്വകാര്യ വ്യക്തിയുടെ കൈവശമാണുള്ളത്. അതുകൊണ്ട് ഡാമിെന്റയും പവര്ഹൗസിെന്റയും സ്ഥാനം മാറ്റി പുതിയ പ്രോജക്ട് റിപ്പോര്‍ട്ട് ഉണ്ടാക്കാനും നീക്കം നടത്തി.
പദ്ധതി മുടങ്ങിയതിനെപ്പറ്റിയും ഭാവിയെപ്പറ്റിയും വൈദ്യുതി ബോര്‍ഡിനു വ്യക്തതയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സ്ഥലം സ്വകാര്യ വ്യക്തിയുടെ കൈയില്‍ നിന്നും ഏറ്റെടുക്കാനും വൈദ്യുതി ബോര്‍ഡ് തയാറാവുന്നില്ല. പദ്ധതി നടപ്പാക്കിയിരുന്നെങ്കില്‍ മലയോര മേഖലക്കാവശ്യമായ വൈദ്യുതി മുഴുവന്‍ ഇവിടെ നിന്നുല്പാദിപ്പിച്ച് വിതരണം ചെയ്യാനാകുമായിരുന്നു.
പദ്ധതി പാഴായതോടെ മലബാറിലെ ആദ്യ മിനി ജലവൈദ്യുതി പദ്ധതിയാണ് നിരാശയുടെ കാഴ്ചയായത്. അതിനിടെയാണ് 2014 വരെ പളളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്കീമില്‍ പ്രോജക്ട് മാനേജരായിരുന്ന കോഴിക്കോട് സ്വദേശി ജേക്കബ് ജോസ് ഹൈകോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് വൈകിയ മുഴുവന്‍ വൈദ്യുതി പദ്ധതികളും സമയക്രമത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചത്. പണി പൂര്‍ണമായും നിലച്ച വഞ്ചിയം പദ്ധതിയുടെ കാര്യത്തില്‍ ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.
വഞ്ചിയത്തിനു പുറമെ 2007 മാര്‍ച്ച് ഒന്നിന് 60 മെഗാവാട്ട് വൈദ്യുതി ഉല്പാദനം ലക്ഷ്യമിട്ട് തുടങ്ങിയ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്കീം 14 വര്‍ഷം കഴിഞ്ഞിട്ടും 84.08 ശതമാനം പണി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്നും ഇവിടെ 200 കോടിയുടെ യന്ത്രങ്ങള്‍ നശിച്ചു കൊണ്ടിരിക്കുകയാണെന്നും പരാതിക്കാരന് അറിയിച്ചു.
വഞ്ചിയം പദ്ധതിയോടൊപ്പം തൊട്ടിയാര്‍ (40 മെഗാവാട്ട്), പൊരിങ്ങല് കൂത്ത് (24 മെഗാവാട്ട്), ഭൂതത്താന്‍കെട്ട് (24 മെഗാവാട്ട്), ചെങ്കുളം (24 മെഗാവാട്ട്), അപ്പര്‍ കല്ലാര്‍ (രണ്ട് മെഗാവാട്ട്) എന്നീ പദ്ധതികളിലും കാലതാമസം വരുത്തിയതായി കോടതി വിലയിരുത്തി. എന്നാല്‍, സ്ഥലമേറ്റെടുപ്പിലുണ്ടായ കാലതാമസവും പ്രകൃതി ദുരന്തങ്ങളുമാണ് പണി നടത്തിപ്പിനെ ബാധിച്ചതെന്നാണ് കെഎസ്.ഇ.ബിയുടെ വാദം. കോടതി ഇടപെടലിലൂടെ വഞ്ചിയമടക്കം സംസ്ഥാനത്തെ മുടങ്ങിയ വൈദ്യുതി പദ്ധതികളെല്ലാം വെളിച്ച വിപ്ലവത്തിനൊരുങ്ങുമെന്ന പ്രതീക്ഷയാണുള്ളത്.