Wed. Nov 25th, 2020




തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കലക്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും 7 മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍. മുഖ്യമന്ത്രി പിണറായി, മന്ത്രി ഇ.പി ജയരാജന്‍, കെ.കെ ശൈലജ, എ.കെ ശശീന്ദ്രന്‍, എ.സി മൊയ്തീന്‍, വി.എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ. കെ.ടി ജലീല്‍ എന്നീ മന്ത്രിമാരും സ്പീക്കര്‍ ശ്രീരാമ കൃഷ്ണനും നിരീക്ഷണത്തില്‍ പ്രവേശിച്ചു.  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി അടക്കമുള്ളവരുടെ സംഘത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ മറ്റ് പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഗവര്‍ണര്‍ നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമില്ലെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ആന്റിജന്‍ പരിശോധന നടത്തിയെന്നും കൊവിഡ് ഫലം നെഗറ്റീവാണെന്നും മന്ത്രി എ.സി മൊയ്ദീന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയനാകും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിരീക്ഷണത്തില്‍ പോകുന്നതായി നേരത്തെ തന്നെ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോസ്ഥരും സ്വയം നിരീക്ഷണത്തിലാണ്.  കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും ഡി.ജി.പി അടക്കം ഉദ്യോഗസ്ഥരും കരിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ദിവസങ്ങള്‍ക്കകമാണ് മലപ്പുറം കലക്ടറും എസ്.പിയും അടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ടത് കൊണ്ടാണ് കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംഘത്തിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകാനാണ് തീരുമാനം.  മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന അടക്കമുള്ള കാര്യങ്ങളും ആരോഗ്യവകുപ്പ് മുന്‍കയ്യെടുത്ത് നടത്തുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായതോടെനാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ അടക്കം മാറ്റം വരുത്തിയിട്ടിണ്ട്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട തിരുവനന്തപുരത്ത് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും….



By onemaly