Thu. Oct 28th, 2021
പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം:

മഴ ശക്തിപ്രാപിച്ചതോടു കൂടി പല മേഖലകളിലും വെള്ളം കയറുകയും കുടിവെള്ള സ്രോതസ്സുകളിലും മറ്റും മലിനജലം കലരുകയും ചെയ്ത സാഹചര്യത്തില്‍ എലിപ്പനി, ജലജന്യ രോഗങ്ങളായ വയറിളക്കം വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയ്ഡ്, കോളറ, തുടങ്ങിയവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.

എലിപ്പനി: ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങള്‍ തുടങ്ങിയവയും ഉണ്ടാകാം. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി യാണ് എലിപ്പനി പകരുന്നത്. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകളിലൂടെ ശരീരത്തിലെത്തിയാണ് രോഗമുണ്ടാകുന്നത്. വയലില്‍ പണിയെടുക്കുന്നവര്‍, ഓട, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍ തുടങ്ങിയവരില്‍ രോഗം കൂടുതല്‍ കാണുന്നു.

പ്രതിരോധ മാര്‍ഗങ്ങള്‍

മൃഗപരിപാലന ജോലികള്‍ ചെയ്യുന്നവര്‍ കൈയുറകളും കട്ടിയുള്ള റബര്‍ ബൂട്ടുകളും ഉപയോഗിക്കുകയും പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികള്‍ വ്യക്തിസുരക്ഷയോടെ കൈകാര്യം ചെയ്യുകയും വേണം.
കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കുക. ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസര്‍ജ്ജ്യ വസ്തുക്കള്‍ കലര്‍ന്ന് മലിനമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ വിനോദത്തിനോ മറ്റാവശ്യ ങ്ങള്‍ക്കോ ഇറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കുക (പ്രത്യേകിച്ചും മുറിവുള്ളപ്പോള്‍).
ഭക്ഷണസാധനങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകര്‍ഷിക്കാതിരിക്കുക തുടങ്ങിയവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍. മലിനജലവുമായി സമ്പര്‍ക്കമുള്ളവരും ഉണ്ടാകാന്‍ സാധ്യതയുള്ളവരും പ്രത്യേകിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും പ്രതിരോധ ഗുളിക കഴിക്കണം. ഡോക്സിസൈക്ലിന്‍ 100 മി.ഗ്രാമിന്റെ 2 ഗുളികകള്‍ വീതം ആഴ്ചയിലൊരിക്കലാണ് കഴിക്കേണ്ടത്. ജോലിക്കിറങ്ങുന്നതിന്റെ തലേദിവസം വേണം ഈ ഗുളികള്‍ കഴിക്കാന്‍. ആറ് മുതല്‍ എട്ട് ആഴ്ചവരെ ആഴ്ചയിലൊരിക്കല്‍ വീതം ഈ ഗുളികകള്‍ കഴിക്കാവുന്നതാണ്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിരോധ ഗുളികകള്‍ സൗജന്യമായി ലഭിക്കും.

ജലജന്യരോഗങ്ങള്‍:

മഴക്കാലം ശക്തിപ്രാപിച്ചതോടെ കുടിവെള്ളം മലിനമാകാനിടയുള്ളതിനാല്‍ ജലജന്യരോഗങ്ങള്‍ വരാനുള്ള സാധ്യതയേറെയാണ്. അതിനാല്‍ ജലജന്യരോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവയ്ക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. മഴക്കാലങ്ങളില്‍ തിളപ്പിച്ചാറ്റിയ വെളളം മാത്രമേ കുടിക്കാവൂ. ആഹാര പദാര്‍ഥങ്ങള്‍ മൂടിവെച്ച് ഉപയോഗിക്കുകയും പഴകിയ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുകയും വേണം. പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക, ആഹാരം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക. വ്യക്തിശുചിത്വം, പരിസര ശുചിത്വം, ആഹാര ശുചിത്വം എന്നിവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ശീതളപാനീയങ്ങള്‍, വെല്‍ക്കം ഡ്രിങ്ക് തുടങ്ങിയവ ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് ഉറപ്പാക്കുക. പുറത്ത് നിന്നുള്ള ആഹാരശീലം പരമാവധി ഒഴിവാക്കുക. കുട്ടികള്‍ മണ്ണില്‍ കളിച്ച ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. കൈ കാലുകളിലെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക.
തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കി ശൗചാലയം ഉപയോഗിക്കുക. ശൗചത്തിനുശേഷം കൈകള്‍ സോപ്പും വെളളവുമുപയോഗിച്ച് വൃത്തിയായി കഴുകുക. കിണറ്റിലെ ജലം മലിനമാകാതെ സൂക്ഷിക്കുകയും ഇടയ്ക്കിടെ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരിക്കുക. ഈച്ചശല്യം ഒഴിവാക്കുക. തൊഴുത്ത്, പട്ടിക്കൂട് തുടങ്ങിയവ ശുചിയായി സൂക്ഷിക്കുക.

പാനീയ ചികിത്സ

വയറിളക്കത്തിന്റെ ആരംഭത്തില്‍ത്തന്നെ പാനീയ ചികിത്സ തുടങ്ങുക.ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങവെള്ളം, ഉപ്പിട്ട മോരിന്‍വെള്ളം തുടങ്ങിയ ഗൃഹപാനീയങ്ങള്‍ ഉത്തമമാണ്.
ശരീരത്തിലെ ജലാംശനഷ്ടം പരിഹരിക്കാന്‍ ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ നിര്‍ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആര്‍എസ് ലായനി കുടിക്കേണ്ടതാണ്.
ഛര്‍ദ്ദിയുണ്ടെങ്കില്‍ അല്‍പസമയം കഴിഞ്ഞ് അല്‍പാല്‍പമായി ഒആര്‍എസ് ലായനി കൊടുക്കണം. അതോടൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരവും (കഞ്ഞി, ഇഡ്ലി, പുഴുങ്ങിയ ഏത്തപ്പഴം മുതലായവ) നല്‍കണം. അമിതമായ വയറിളക്കം, അമിതദാഹം, നിര്‍ജ്ജലീകരണം, പാനീയങ്ങള്‍ കുടിക്കാന്‍ കഴിയാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞുതാണ കണ്ണുകള്‍, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ഒആര്‍എസ് പാക്കറ്റ് സൗജന്യമായി ലഭിക്കും
By onemaly