പാനൂര്‍: വിദേശത്ത് നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയവേ ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് രക്ഷകനായി പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ കെ.വി ഗണേശന്. യുവാവ് തൂങ്ങി മരിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് എസ്ഐ സംഭവ സ്ഥലത്തെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പാഞ്ഞിപ്പാലം സ്വദേശി വീട്ടില്‍ ക്വാറന്റീനിലായിരുന്നു. രാവിലെ ഭക്ഷണവുമായി എത്തിയ അമ്മയാണ് കഴുത്തില്‍ കുരുക്ക് കെട്ടിയ നിലയില്‍ താഴെ വീണ മകനെ കണ്ടത്. ഉടന്‍ തന്നെ അയല്‍വാസികളെ വിവരം അറിയിക്കുകയും ഇവര്‍ അറിയിച്ചതനുസരിച്ചു എസ്ഐ സംഭവസ്ഥലത്ത് എത്തുകയുമായിരുന്നു.
അതേസമയം, കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ശരീരം കിടന്നിരുന്നത്. നടപടിക്രമത്തിന്റെ ഭാഗമായി മൊബൈലില്‍ ചിത്രം പകര്‍ത്തുന്നതിനിടെയാണ് യുവാവിന്റെ വസ്ത്രത്തില്‍ നേരിയ ചലനം ഉള്ളതായി എസ്ഐയുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ശ്വാസം സാധാരണ നിലയിലാകുന്നതു വരെ നെഞ്ചില്‍ കൈപ്പത്തി അമര്‍ത്തി സിപിആര്‍ നല്കിയ എസ്ഐ പിന്നീട് പൊലീസ് വാഹനത്തില്‍ യുവാവിനെ പാനൂര്‍ സിഎച്ച്സിയിലും തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തു. ഇതിന് പിന്നാലെ എസ്ഐയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പോയി.