Thu. Nov 26th, 2020




കൊച്ചി: കോലഞ്ചേരിയില്‍ 75 കാരിയായ വൃദ്ധയെ ബലാത്സംഗം ചെയ്യുകയും, അതി ക്രൂരമായി ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ക്രൂര പീഡനത്തിന് ഇരയായ വയോധികയുടെ പരിചയക്കാരി കൂടിയായ ഓമന എന്ന സ്ത്രീ മനപൂര്‍വ്വം കൂട്ടിക്കൊണ്ടുപോയ ശേഷം പീഡനത്തിന് കൂട്ടു നില്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. സംഭവത്തില്‍ കേസിലെ ഒന്നാംപ്രതിയും ലോറി ഡ്രൈവറുമായ മുഹമ്മദ് ഷാഫിയെ വാഴക്കുളത്തു നിന്നാണ് പൊലീസ് പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.അതേസമയം, പൂനെയില്‍ നിന്ന് കഴിഞ്ഞദിവസം മടങ്ങിയെത്തിയ ഇയാളെ പിടികൂടിയ സി.ഐ.അടക്കമുള്ള ഉദ്യാഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തിലാണ്. രണ്ടാംപ്രതി മനോജാണ് 75കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ അമ്മയാണ് കേസിലെ മുഖ്യ പ്രതി ഓമന. ഇവര്‍ വയോധികയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് പീഡനത്തിന് അവസരം ഒരുക്കുകയായിരുന്നു. അതേസമയം, കൃത്യത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച്‌ വരികയാണെന്നും മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസ് പറഞ്ഞു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വയോധികയ്ക്ക് നേരെ ആക്രമണമുണ്ടായത്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മൂത്രസഞ്ചിയിലും കുടലിലും മുറിവു പറ്റിയതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു



By onemaly