Tue. Nov 24th, 2020




തളിപ്പറമ്ബ്: കൊവിഡ് പോസിറ്റീവായ രോഗി ഫ്ളാറ്റില്‍ ചികിത്സയില്‍ കഴിഞ്ഞതിനെതിരെ മറ്റ് താമസക്കാര്‍ പ്രതിഷേധിച്ചു. ഏറെ നേരത്തെ വാക് തര്‍ക്കങ്ങള്‍ക്കൊടുവില്‍ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 29 ന് കൊവിഡ് പോസിറ്റീവ് സ്ഥീരീകരിച്ച ജീവനക്കാരനാണ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ച്‌ ചികിത്സയില്‍ കഴിഞ്ഞത്. ആരോഗ്യ പ്രവര്‍ത്തകരായ കൊവിഡ് രോഗികള്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയാമെന്ന ഉത്തരവ് പ്രകാരം സത്യവാങ്മൂലം നല്‍കിയാണ് ഇദ്ദേഹം ആര്‍.എം.ഒ യുടെ അനുമതിയോടെ കുടുംബസമേതം താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ ചികിത്സയില്‍ കഴിഞ്ഞത്. എന്നാല്‍ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ക്വാറന്റൈന്‍ നിയന്ത്രണം ലംഘിച്ച്‌ മറ്റുള്ളവരുമായി ഇടപെടുന്നതായി ആരോപണം ഉയര്‍ന്നു.

32 ഫ്ലാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന സമുച്ചയത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 150 പേര്‍ താമസിക്കുന്നുണ്ട്. ഫ്ലാറ്റിലെ മറ്റ് താമസക്കാര്‍ പ്രതിഷേധിക്കുകയും വിവരം പ്രിന്‍സിപ്പാളിനെയും മെഡിക്കല്‍ സൂപ്രണ്ടിനെയും അറിയിക്കുകയും ചെയ്തു. ഇവരുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ബന്ധപ്പെട്ടവര്‍ എത്തിയപ്പോള്‍ ആശുപത്രിയിലേക്ക് മാറാന്‍ രോഗിയായ ജീവനക്കാരന്‍ തയ്യാറായില്ല. ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ കര്‍ശനമായ നിലപാടെടുത്തതോടെയാണ് ആശുപത്രിയിലേക്ക് മാറാന്‍ ഇദ്ദേഹം തയ്യാറായതത്രെ. ചികിത്സ ക്വാര്‍ട്ടേഴ്സുകളിലോ ഫ്ലാറ്റുകളിലോ അല്ലെന്നും മറിച്ച്‌ അവരുടെ വീടുകളിലാകണമെന്നതാണ് ഉത്തരവിലെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍

വ്യക്തമാക്കി.



By onemaly